ഉണക്ക അടയ്ക്കയ്ക്ക് വിലയിടിവ് ആശങ്കയിൽ കർഷകർ

രാജപുരം വിപണിയിൽ ഉണക്ക അടയ്ക്കയുടെ വില കുറഞ്ഞുവരുന്നത് അടയ്ക്ക കർഷകരെ കടുത്ത ആശങ്കയിലാക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന വിലത്തകർച്ച കർഷകരെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിൽ മികച്ചയിനം ഉണക്കടയ്ക്ക പുതിയതിന് കിലോയ്ക്ക് 350 രൂപയാണ് എന്നാൽ ഏതാനും മാസങ്ങൾക്കുമുമ്പ് ഇത് 480 രൂപ വരെ ഉണ്ടായിരുന്നു. പഴയ അടക്കയ്‌ക്ക് നിലവിൽ 483 രൂപയാണ് വില. എന്നാൽ ആഴ്ചകൾക്കുമുമ്പ് 540 രൂപവരെ വില ലഭിച്ചിരുന്നു. നിലവിൽ നൂറു രൂപയ്‌ക്കടുത്താണ് വിലക്കുറവ് വന്നത്. കൃഷിച്ചെലവുകളും തൊഴിലാളികളുടെ കൂലിയും വളം, കീടനാശിനി തുടങ്ങിയവയുടെ വിലയും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അടയ്ക്കയ്ക്ക് വിപണിയിൽ വിലയിടിവ് നേരിടുന്നത്. മാസങ്ങളോളം കഷ്ടപ്പെട്ട് വിളവെടുത്ത് ഉണക്കി വിപണിയിലെത്തിക്കുന്ന കർഷകർക്ക് പ്രതീക്ഷിച്ച വില ലഭിക്കാത്തത് വലിയ തിരിച്ചടിയായിരി. ഉൽപ്പാദനച്ചെലവിന് അനുസരിച്ചുള്ള വില ലഭിക്കാത്തതിനാൽ പല കർഷകരും സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇറക്കുമതി വർധിച്ചതും ഉത്തരേന്ത്യൻ വിപണികളിൽനിന്നുള്ള ആവശ്യകത കുറഞ്ഞതുമാണ് വിലയിടിയാനുള്ള പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. വിളവെടുപ്പ് സീസൺ സജീവമായതോടെ വിപണിയിലേക്ക് കൂടുതൽ ചരക്ക് എത്തുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തത് കർഷകർക്ക് കനത്ത തിരിച്ചടിയായി. വിലത്തകർച്ച തുടരുകയാണെങ്കിൽ അടക്ക കൃഷിയെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങൾ കടക്കെണിയിലാകുമെന്ന ആശങ്കയുണ്ട്. അനധികൃത ഇറക്കുമതി നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വിലയിടിവ് തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ന്യായവില ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.








0 comments