Deshabhimani

കാനായിയെ അപമാനിച്ചു; സ്‌പീക്കർ ഉദ്‌ഘാടനത്തിനെത്തിയില്ല വിക്ടിം, ഫ്രീഡം ശിൽപങ്ങൾ ഇനി ജില്ലയുടെ അഭിമാനമുദ്ര

ജില്ലാപഞ്ചായത്ത് ആസ്ഥാനത്ത് ഒരുക്കിയ ‘വിക്ടിം’, ’ഫ്രീഡം’ ശിൽപങ്ങൾ ശിൽപി കാനായി കുഞ്ഞിരാമൻ നാടമുറിച്ച് നാടിന് സമർപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Nov 14, 2026, 03:00 AM | 1 min read

കാസർകോട്‌ അതിജീവനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രമേയമുൾക്കൊണ്ട്‌ ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത്‌ വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമൻ നിർമിച്ച വിക്ടിം, ഫ്രീഡം ശിൽപങ്ങൾ ഇനി ജില്ലയുടെ അഭിമാനമുദ്രയായി ഉയർന്നുനിൽക്കും. സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പരിപാടിയിൽനിന്ന്‌ അവസാന നിമിഷം പിൻമാറിയതിനാൽ കാനായിതന്നെയാണ് നാടമുറിച്ച് അനാച്ഛാദനംനിർവഹിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ അതിജീവനത്തിന്റെയും വേദനയുടെയും പ്രതീകമാണ്‌ അമ്മയും കുഞ്ഞും എന്ന ആശയത്തിലുള്ള വിക്ടിം ശിൽപം. ​40 അടി ഉയരമുള്ള ശിൽപം കാനായി നിർമിച്ചതിൽ ഏറ്റവും വലുതാണ്‌. എം വി ബാലകൃഷ്‌ണൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായ വേളയിൽ 2008ലാണ്‌ ശിൽപം നിർമാണത്തിന്‌ തുടക്കമിട്ടത്‌. ജില്ലാ പഞ്ചായത്തിന്റെ തുടർന്നുള്ള വിവിധ ഭരണസമിതികളും ശിൽപത്തിന്റെ പൂർത്തീകരണത്തിനുവേണ്ടി പ്രയത്നിച്ചു. സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പിന്മാറിയതിനെ തുടർന്ന്‌ ശിൽപം അനാഛാദന ചടങ്ങ്‌ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനംചെയ്‌തു. കല്ലട്ര മാഹിൻ അധ്യക്ഷനായി. എംഎൽഎമാരായ എ കെ എം അഷറഫ്‌, കെ നീലകണ്‌ഠൻ, കലക്ടർ ശ്രീധന്യ സുരേഷ്‌, ജില്ലാ പൊലീസ്‌ മേധാവി പി നിധിൻരാജ്‌, മുൻ എംപി പി കരുണാകരൻ, എം വി ബാലകൃഷ്‌ണൻ, പി ബേബി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ അബ്ദുള്ളക്കുഞ്ഞി, യു കെ സൈഫുള്ള തങ്ങൾ, കാനായി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു അബ്രഹാം സ്വാഗതവും ഫിനാൻസ്‌ ഓഫീസർ നൃപൻദാസ്‌ നന്ദിയും പറഞ്ഞു. കാനായി കുഞ്ഞിരാമന്റെ പത്നി നളിനി കാനായി, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് രൂപശ്രീ വോർക്കാടി, തദ്ദേശ ജനപ്രതിനിധികൾ, സാമൂഹിക, കലാ, സാംസ്കാരിക രംഗത്തുള്ളവർ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന്‌ ‘കാനായി പെൺ കുതിപ്പിന്റെ ശില്പങ്ങൾ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പ്രദർശനം കാനായി കുഞ്ഞിരാമൻ ഉദ്‌ഘാടനംചെയ്‌തു. സംവിധായകൻ എ ടി മോഹൻ രാജ്, എഴുത്തുകാരൻ എൻ സന്തോഷ് കുമാർ, വി വി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home