പിഎസ്‍സിയെ തകർക്കാൻ നീക്കം
ശശികുമാറിന്റെ പരാതിയിലും അന്വേഷണം

തിരുവനന്തപുരം
പിഎസ്‍സിക്കെതിരെ കോൺഗ്രസിന്റെയും ബിജെപിയുടെയും ഇടനിലക്കാരനായ കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം ആർ എസ് ശശികുമാർ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം. ഡിവൈഎസ്‌പി സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ ക്രമക്കേടുകളുണ്ടെന്ന രീതിയിൽ ലഭിച്ച പരാതിയിലാണ് അന്വേഷണം. സ്‌പെഷ്യൽ റിക്രൂട്ട്മെന്റിൽ ഒന്നാം റാങ്ക് ലഭിച്ച തൊടുപുഴ സ്വദേശി കെ ജെ ജിതിന് ഒന്നാം റാങ്ക് നൽകിയതിൽ ക്രമക്കേടെന്നായിരുന്നു പരാതി. ‘എറണാകുളം മഹാരാജാസ് കോളേജിലെ മുൻ എസ്എഫ്ഐ നേതാവായ ജിതിൻ ഗ്രേസ് മാർക്ക് കൊണ്ടാണ് ബിരുദം പാസായതെന്നും നിരവധി ക്രിമിനൽ കേസുകളുണ്ടെന്നു’മാണ് പിഎസ്‍സിയെ താറടിക്കാന്‍ ലക്ഷ്യമിട്ടുള്ള പരാതി. സിവിൽ പൊലീസ് ഓഫീസറുടെപോലും റാങ്ക് പട്ടികയിൽ ഉൾപ്പെടാതെ ഡിവൈഎസ്‌പി പട്ടികയിൽ ഉൾപ്പെട്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ എസ്‌ഐ, അസിസ്റ്റന്റ്/ഓഡിറ്റർ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ, എൽഡി ക്ലർക്ക് ഉൾപ്പെടെ 25 റാങ്ക് പട്ടികയിൽ ഉൾപ്പെട്ടയാളാണ് ജിതിൻ. ആസൂത്രണ ബോർഡ് ചീഫ് നിയമനത്തിലെ സാങ്കേതിക പിഴവ് സംബന്ധിച്ച കേസിൽ അടുത്ത ആഴ്ച രണ്ട് പിഎസ്‍സി അംഗങ്ങളുടെ മൊഴിയെടുക്കും. കേസിൽ റിമാൻഡിലുള്ള അഡി. സെക്രട്ടറി ആർ ഹരി, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്ത് എസ്ഐടി കോടതിയിൽ റിപ്പോർട്ട് നൽകി. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.








0 comments