print edition ഫ്രാൻസിൽ സിദാൻകാലം

സിനദിൻ സിദാൻ ഫ്രഞ്ച് ആരാധകർക്കൊപ്പം
പാരിസ്: ‘ഇത് ഞാൻ കാത്തിരുന്ന നിമിഷമാണ്. ഫ്രഞ്ച് ഫുട്‌ബോൾ ടീമിന്റെ പരിശീലകനാവുക എന്നത് അഭിമാനകരമായ കാര്യമാണ്.’–സിനദിൻ സിദാൻ വികാരാധീനനായി. മുൻ ക്യാപ്‌റ്റനും ഇതിഹാസ താരവുമായ സിദാനെ പുതിയ പരിശീലകനായി ഫ്രാൻസ് പ്രഖ്യാപിച്ചു.
2030വരെയാണ് കരാർ. 14 വർഷം ചുമതല വഹിച്ച ദിദിയെർ ദെഷാംമിന് പിൻഗാമിയായാണ് അമ്പത്തിനാലുകാരന്റെ വരവ്. അഞ്ച് വർഷമായി പരിശീലനരംഗത്തില്ല. റയൽ മാഡ്രിഡിന് മൂന്ന് ചാമ്പ്യൻസ് ലീഗുൾപ്പെടെ 11 ട്രോഫികൾ സമ്മാനിച്ച കോച്ചാണ്.
പാരിസിലെ ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സിദാനെ ഒൗദ്യോഗികമായി അവതരിപ്പിച്ചത്. ദേശീയ ടീമിനായി 108 കളിയിൽ 31 ഗോളടിച്ചിട്ടുണ്ട് മധ്യനിരക്കാരൻ. 1998 ലോകകപ്പ്, 2000 യൂറോ കപ്പ് ജേതാവുമായി. ബാലൻ ഡി ഓറും നേടി. 2006 ലോകകപ്പ് ഫൈനലിലാണ് അവസാനം കളിച്ചത്.
ഇറ്റലിയുടെ മാർകോ മറ്റെരാസിയെ തലകൊണ്ട് ഇടിച്ച് ചുവപ്പ് കാർഡ് കണ്ട് മടങ്ങുകയായിരുന്നു. 2014ൽ റയൽ മാഡ്രിഡ് ബി ടീമിന്റെ പരിശീലകനായിട്ടായിരുന്നു തുടക്കം. ‘അഞ്ച് വർഷമായി ഇൗ അവസരത്തിന് കാത്തിരിക്കുന്നു. മറ്റ് പല വാഗ്‌ദാനങ്ങളുമുണ്ടായിരുന്നു.
അതെല്ലാം നിരസിച്ചു. ദെഷാം ശരിയായ പാതയിലാണ് ടീമിനെ നയിച്ചത്. ആ വഴി തുടരും’–സിദാൻ പറഞ്ഞു. നേഷൻസ് ലീഗിൽ സെപ്‌തംബർ 25ന് തുർക്കിക്കെതിരെയാണ് ഫ്രഞ്ച് കോച്ചായി അരങ്ങേറ്റം.










0 comments