ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ പറയുന്നു
print edition ‘കളിക്കളത്തിലെ നേട്ടത്തേക്കാൾ പ്രധാനം വംശീയതയ്ക്കെതിരായ പോരാട്ടം’

റിയോ ഡി ജനീറോ : കളിമൈതാനങ്ങളിലെ പ്രകടനങ്ങൾക്കപ്പുറം തന്റെ ആഗോള പ്രശസ്തിയെ വംശീയ വിദ്വേഷത്തിനെതിരായ പോരാട്ടത്തിന് ആയുധമാക്കുമെന്ന് ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ. ‘ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പോരാടി എനിക്ക് വഴികാട്ടിയ മുത്തശ്ശിയുടെ പിന്തുണയും ത്യാഗവുമാണ് റയൽ മാഡ്രിഡിലേക്കും ബ്രസീൽ ടീമിലേക്കും എന്നെ എത്തിച്ചത്. മൈതാനങ്ങളിൽ നേടുന്ന ട്രോഫികളേക്കാളും വ്യക്തിഗത റെക്കോർഡുകളേക്കാളും എനിക്ക് പ്രധാനം വംശീയ വിവേചനത്തിനെതിരായ പോരാട്ടമാണ്’– വിനീഷ്യസ് പ്രഖ്യാപിച്ചു.
വംശീയത ലോകമെമ്പാടുമുള്ള ആഫ്രോ -വംശജരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിനീഷ്യസ് ചൂണ്ടിക്കാട്ടി. വംശീയതയെ പിഴുതെറിയാൻ ഉപരിപ്ലവമായ പ്രചാരണങ്ങൾ പോരാ. ശക്തമായ നിയമപരിഷ്‌കാരങ്ങൾ അനിവാര്യമാണ്. തന്റെ ഏഴുവയസ്സുകാരനായ അനുജൻ ഭാവിയിൽ അധിക്ഷേപങ്ങൾക്ക് ഇരയാകുമോ എന്ന ഭയം തന്നെ വേട്ടയാടുന്നുണ്ടെന്നും, കുട്ടികൾക്ക് അന്തസ്സോടെ ജീവിക്കാൻ സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം കെട്ടിപ്പടുക്കേണ്ടത് ആവശ്യമാണെന്നും ബ്രസീലിയൻ ചാനലായ ഗ്ലോബോ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിനി പറഞ്ഞു.
റയൽ മാഡ്രിഡിലെ തന്റെ കരിയറിൽ യൂറോപ്പിലുടനീളമുള്ള സ്റ്റേഡിയങ്ങളിൽ വിനീഷ്യസ് തുടർച്ചയായി വംശീയ അധിക്ഷേപം നേരിട്ടിട്ടുണ്ട്. അന്വേഷണങ്ങൾക്കും നിയമനടപടികൾക്കും വംശീയതയെ നേരിടുന്നതിനെക്കുറിച്ച് കായികരംഗത്ത് വിശാലമായ ചർച്ചകൾക്കും ഇൗ സംഭവങ്ങളും താരത്തിന്റെ നിലപാടും കാരണമായി.











0 comments