അമ്മയുമായി വഴക്കിട്ടു; ഉത്തർപ്രദേശിൽ യുവതി ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം
സഹാരൻപൂർ : ഉത്തർപ്രദേശിൽ അമ്മയുമായി വഴക്കിട്ടതിനുപിന്നാലെ യുവതി ആത്മഹത്യ ചെയ്തു. സഹാറൻപൂർ ജില്ലയിലെ ജനക്പുരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡെറാഡൂൺ റോഡിലെ ന്യൂ നന്ദ് വിഹാർ കോളനിയിലാണ് സംഭവം. ബുധനാഴ്ചയാണ് 18 വയസുകാരി സിമ്രാൻ അമ്മയുമായി ഫോണിൽ സംസാരിച്ച് വഴക്കിട്ടതിനു പിന്നാലെ ആത്മഹത്യ ചെയ്തത്.
സിമ്രാനെ മുറിയിലെ സീലിംഗ് ഫാനിൽ സ്കാർഫിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) നേം ചന്ദ് സിംഗ് പറഞ്ഞു. യുവതിയുടെ സഹോദരനും അയൽക്കാരും വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
സിമ്രാന്റെ അമ്മ ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. അമ്മയും മകളും ഇന്നലെ രാവിലെ ഫോണിൽ സംസാരിച്ചിരുന്നുവെന്നും സംഭാഷണം തർക്കത്തിലേക്ക് നീങ്ങിയതായും കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. സംസാരശേഷം സിമ്രാൻ മുറിയിലേക്ക് പോയി. കുറച്ചു സമയത്തിനുശേഷം സഹോദരൻ മുറിയിൽ എത്തിയപ്പോൾ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്നും ഫോറൻസിക് സംഘം സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും എസ്എച്ച്ഒ പറഞ്ഞു. സിമ്രാന്റെ അമ്മ ഗുജറാത്തിൽ നിന്ന് എത്തിയ ശേഷം സംസ്കാരം നടത്തുമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.











0 comments