സ്വയം വിവരം നല്‍കി അരലക്ഷത്തിലധികം പേര്‍
വീടുകളിലെത്തി വിവരശേഖരണം തുടങ്ങി

സെന്‍സസിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വീടുകളുടെ വിവരശേഖരണം നടത്തുന്നു
പത്തനംതിട്ട
സെന്‍സസിന്റെ ഭാഗമായി ജില്ലയില്‍ സ്വയം വിവരങ്ങള്‍ നല്‍കി 55,760 പേര്‍. ജൂണ്‍ 16 മുതല്‍ 30 വരെയായിരുന്നു സെന്‍സസ് പോര്‍ട്ടലില്‍ സ്വയം വിവരം നല്‍കാന്‍ (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യമുണ്ടായിരുന്നത്. പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ കലക്ടര്‍ എ നിസാമുദ്ദീന്‍ സെല്‍ഫ് എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
വീടുകളുടെ പട്ടിക തയ്യാറാക്കലും വിവരശേഖരണവും ബുധനാഴ്‌ച തുടങ്ങി. ജൂലൈ 30 വരെ നടക്കുന്ന ആദ്യഘട്ടത്തില്‍ 34 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയിലൂടെയാണ് വീടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ജില്ലയിലെ താലൂക്കുകളും നഗരസഭകളും വിവിധ ഹൗസ് ലിസ്‌റ്റിങ് ബ്ലോക്കുകള്‍ (എച്ച്എല്‍ബി) ആയി തിരിച്ചാണ് വിവരശേഖരണം.
സെന്‍സസ് അവബോധം വളര്‍ത്തുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കാനും ജില്ലയില്‍ ജൂണ്‍ 29 സെല്‍ഫ് എന്യൂമറേഷന്‍ ഡേ ആചരിച്ചു. സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും പ്രത്യേക ബോധവല്‍ക്കരണം നടത്തി.
വീടിന്റെ അവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വസൗകര്യങ്ങള്‍, ആസ്തികളും സൗകര്യങ്ങളും, സേവനങ്ങളുടെ ലഭ്യതയടക്കം എന്യൂമറേറ്റര്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ശേഖരിക്കും. ജില്ലയിലെ ആറ് താലൂക്കുകളിലും നാല് നഗരസഭകളിലും ആദ്യഘട്ട വിവരശേഖരണം ആരംഭിച്ചു.











0 comments