പാലായ്‌ക്കിനി ഡിജിറ്റൽ അനൗൺസ്മെന്റ്

ട്രംപറ്റ് ആപ്പിലെ പ്രവർത്തനങ്ങൾ വിവരിക്കുന്ന കണ്ടക്ടർ കെ എം അരുൺ
പാലാ പാലാ കെഎസ്‌ആർടിസിയിൽ ഡിപ്പോയിൽ ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനമൊരുക്കി കണ്ടക്ടർ. കണ്ടക്ടർ കെ എം അരുൺ വികസിപ്പിച്ച കെഎസ്ആർടിസി ട്രംപറ്റ് ആപ്പിലൂടെയാണ് പുതിയ സംവിധാനമൊരുങ്ങിയത്. റെയിൽവേ സ്റ്റേഷനുകളിലേതുപോലെ വ്യക്തവും സമയബന്ധിതവുമാണ് ഇൗ ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം. സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. പാലാ ഡിപ്പോയിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളുടെ റൂട്ടുകളും പ്രധാന സ്റ്റോപ്പുകളും ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിപ്പോയിലെ സൗണ്ട് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന ആപ്പിൽ, ബന്ധപ്പെട്ട സർവീസിന്റെ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുമ്പോൾ ഗൂഗിൾ വോയ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബസിന്റെ റൂട്ടും പ്രധാന വിവരങ്ങളും വ്യക്തമായി വിളിച്ച് പറയും. ഇതിലൂടെ യാത്രക്കാർക്ക് ബസുകളുടെ വിവരങ്ങൾ എളുപ്പത്തിൽ അറിയാനാകും. ഒപ്പം ആശയക്കുഴപ്പവും കുറയുമെന്ന് അരുൺ പറയുന്നു. കെഎസ്ആർടിസിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കംപ്യൂട്ടർ ടെക്നീഷ്യനായി പ്രവർത്തിച്ചിരുന്ന അരുൺ 11വർഷമായി കണ്ടക്ടറായി ജോലിചെയ്യുകയാണ്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ഒരുക്കുന്ന ഈ മാതൃക മറ്റ് കെഎസ്ആർടിസി ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും യാത്രക്കാരും.










0 comments