തൊഴിലുറപ്പ് പദ്ധതി അട്ടിമറിയിൽ പ്രതിഷേധം
തൊഴിലില്ലാതെ എന്തുറപ്പ്

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌കെടിയു, തൊഴിലുറപ്പ് തൊഴിലാളികൾ സംയുക്തമായി രാമപുരത്ത് നടത്തിയ മാർച്ചും ധർണയും കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയംഗം സജേഷ് ശശി ഉദ്‌ഘാടനംചെയ്യുന്നു
കോട്ടയം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് മോദി സർക്കാർ കൊണ്ടുവന്ന വിബി ജിആർഎഎംജി നിയമം അടിച്ചേൽപിക്കുന്നതിനെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധം. ഏരിയ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളും കർഷകത്തൊഴിലാളികളും പങ്കെടുത്തു. വിബി ജിആർഎഎംജി നിയമം പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, പദ്ധതിച്ചെലവിന്റെ ഭാരം സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലായിരുന്നു പ്രതിഷേധം. കർഷകത്തൊഴിലാളിയൂണിയൻ(കെഎസ്‌കെടിയു) എൻആർഇജി വർക്കേഴ്സ് യൂണിയനും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പനച്ചിക്കാട് പന്നിമറ്റത്തെ എഫ്സിഐ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ ഉദ്‌ഘാടനം ചെയ്‌തു. കടത്തുരുത്തിയിൽ കുറുപ്പന്തറ പോസ്റ്റോഫീസ് പടിക്കലേക്ക് നടന്ന മാർച്ചും ധർണയും കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് പി വി സുനിൽ ഉദ്‌ഘാടനംചെയ്‌തു. വൈക്കത്ത് പി ശശിധരൻ, തലയോലപ്പറമ്പിൽ സി എം കുസുമൻ, പാലായിൽ സജേഷ് ശശി, പൂഞ്ഞാറിൽ വി എൻ ശശിധരൻ, കാഞ്ഞിരപ്പള്ളിയിൽ വി എൻ പീതാംബരൻ, വാഴൂരിൽ ഗിരീഷ് എസ് നായർ, ചങ്ങനാശേരിയിൽ കെ ഡി സുഗതൻ, ഏറ്റുമാനൂരിൽ ബാബു ജോർജ്, അയർക്കുന്നത്ത് റോസമ്മ മത്തായി, തിരുവാർപ്പിൽ എസ് ഡി രാജേഷ്, കുമരകത്ത് കെ വി ബിന്ദു എന്നിവരും പ്രതിഷേധങ്ങൾ ഉദ്‌ഘാടനംചെയ്‌തു.










0 comments