ad
Deshabhimani

ഭക്ഷ്യസുരക്ഷ
പരിശോധനകൾ പ്രഹസനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 02, 2026, 12:59 AM | 1 min read

കോട്ടയം ഭക്ഷ്യവിഷബാധ ആവർത്തിക്കുന്പോഴും ജില്ലയിലെ ഭക്ഷണശാലകളിലെ പരിശോധനകൾ പ്രഹസനമായി ചുരുങ്ങുന്നു. പരാതികൾ ഉയരുമ്പോൾമാത്രം താൽക്കാലികമായി പരിശോധനകൾ നടത്തി നോട്ടീസ്‌ നൽകി മടങ്ങുന്നതല്ലാതെ കൃത്യമായ നടപടികളില്ലെന്നാണ്‌ ആക്ഷേപം. ഗുണനിലവാരം കുറഞ്ഞതോ പഴകിയതോ ആയ ഭക്ഷണം പിടിച്ചെടുക്കുമ്പോൾ പിഴ ചുമത്തി കട താൽക്കാലികമായി അടപ്പിക്കുകയാണ്‌ പതിവ്‌. ഒരാഴ്‌ചയ്ക്കുള്ളിൽ പെയിന്റടിച്ച്‌ പുതുമോടി വരുത്തുന്നതോടെ ഇതേ സ്ഥാപനം വീണ്ടും പ്രവർത്തനം തുടങ്ങും. ആവർത്തിച്ച്‌ പിടിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്‌. ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധന നടത്താൻ ആവശ്യമായ ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ എണ്ണം കുറവാണെന്നാണ്‌ ജീവനക്കാർ പറയുന്നത്‌. കള്ളുഷാപ്പുകൾക്കൊപ്പം പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്ക്‌ പ്രത്യേകം ലൈസൻസ്‌ എടുക്കണമെന്നുണ്ടെങ്കിലും പലതും ലൈസൻസ്‌ എടുക്കാതെയാണ്‌ പ്രവർത്തിക്കുന്നത്‌. അടുത്തിടെ തലക്കറി കഴിച്ചതിനെത്തുടർന്ന്‌ യുവാവ്‌ മരിക്കാനിടയായ കുമരകം പരിപ്പ് തൊള്ളായിരം ചിറ ഷാപ്പിലെ റസ്റ്റോറന്റിന്‌ ഭക്ഷ്യ സുരക്ഷാ ലൈസൻസോ പഞ്ചായത്ത്‌ ലൈസൻസോ ഉണ്ടായിരുന്നില്ല. ഇത്തരം സ്ഥാപനങ്ങൾ നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന്‌ പരിശോധനകളും നടക്കുന്നില്ല. ദുരന്തങ്ങളും പരാതികളും ഉയരുന്പോൾ മാത്രമാണ്‌ പരിശോധന. യുവാവിന്റെ മരണത്തിന്‌ പിന്നാലെ നടത്തിയ പരിശോധനകളിൽ ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ്, ഹെൽത്ത് കാർഡ് ഇല്ലാത്ത പാചകക്കാർ, മാലിന്യ സംസ്കരണ സംവിധാനത്തിന്റെ അഭാവം, പഞ്ചായത്ത് ലൈസൻസ്, സാനിറ്റേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ നിരവധിയാണെന്ന്‌ കണ്ടെത്തിയിരുന്നു. ഹോംസ്റ്റേ, തട്ടുകടകൾ, ഹോട്ടലുകൾ, മത്സ്യമാംസ വിൽപനശാലകൾ, മാംസ അറവുശാലകൾ തുടങ്ങിയ സ്ഥാപനങ്ങൾ സാനിറ്റേഷൻ, ഫുഡ് ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, പഞ്ചായത്ത് ലൈസൻസ് എന്നിവ എടുക്കണം. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ്‌ ആക്ഷേപം. പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിൽനിന്ന് മീൻതലക്കറി കഴിച്ച്‌ അവശനിലയിലായ യുവാവ് മരിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. കേസിൽ പൊലീസ്‌ പ്രതിചേർത്ത ഷാപ്പ്‌ ലൈസൻസികളായ രണ്ട്‌ പേർ, ഷാപ്പ്‌ മാനേജർ‍, പാചകക്കാരൻ അടക്കമുള്ള നാല്‌ പേർ ഒളിവിലാണ്‌. ലൈസൻസികളുടെ ഉടമസ്ഥതയിലുള്ള ഏഴ്‌ ഷാപ്പുകളുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്‌ത്‌ ഷാപ്പ്‌ അടപ്പിച്ചിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home