തിരച്ചിൽ ആറുദിവസം പിന്നിട്ടു
ഉൗരുമൂപ്പനെ കണ്ടെത്താനായില്ല

കോന്നി
കൊക്കാത്തോട് വനമേഖലയിൽ ഊരുമൂപ്പനെ തേടിയുള്ള പൊലീസിന്റെയും വനപാലകരുടെയും തിരച്ചിൽ ആറുദിവസം പിന്നിട്ടിട്ടും ഫലം കണ്ടില്ല. കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസ് (72) നെ കണ്ടെത്താൻ ബുധനാഴ്ചയും വനത്തിൽ തിരച്ചിൽ നടത്തി.
ശനിയാഴ്ച രാവിലെ 10ന് വനത്തിലേക്ക് കയറി പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. ബന്ധുവീട്ടിലേക്ക് പോയതാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് കാണാതെ വന്നതോടെ പൊലീസും വനപാലകരും ഡോഗ്സ്കോഡും നാട്ടുകാരും ചേർന്ന് വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
2023ൽ അയൽവാസിയായ സ്ത്രീ കോന്നി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിന്റെ വിചാരണ ആരംഭിക്കാൻ കോടതി സമൻസ് വന്ന ശേഷമാണ് മൂപ്പനെ കാണാതായന്നതും ദുരൂഹതയാണ്.
കോന്നി സ്‌റ്റേഷനിൽ നിന്നും എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവിലെ കൊക്കാത്തോട്ടിൽ എത്തി സന്ധ്യയോടെ മടങ്ങി പോവുകയാണ്. വനപാലക സംഘവും സമാന്തര തിരച്ചിൽ നടത്തുന്നുണ്ട്.
വരുംദിവസങ്ങളിലും തിരച്ചിൽ തുടരുമെന്ന് കോന്നി പൊലീസും വനപാലകരും അറിയിച്ചു.











0 comments