ഇന്ന് രാത്രി കമ്യൂണിറ്റി ഷീൽഡ് പോരിൽ ലിവർപൂൾ x ക്രിസ്‌റ്റൽ പാലസ്
യൂറോപ്പിൽ പന്തുരുളുന്നു

ലണ്ടൻ : ഒരിടവേളയ്‌ക്കുശേഷം യൂറോപ് ക്ലബ് ഫുട്‌ബോൾ ആവേശത്തിലേക്ക്. ഇംഗ്ലണ്ടിലാണ് ആദ്യം പന്തുരുളുന്നത്. ഇന്ന് കമ്യൂണിറ്റി ഷീൽഡിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവൾപൂളും എഫ്‌എ കപ്പ് ജേതാക്കളായ ക്രിസ്റ്റൽ പാലസും ഏറ്റുമുട്ടും. വിഖ്യാതമായ വെംബ്ലി സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ് പുതിയ സീസണിന് കിക്കോഫ് കുറിച്ചുള്ള ആദ്യ വിസിൽ മുഴങ്ങുക. 16നാണ് പ്രീമിയർ ലീഗ് തുടങ്ങുന്നത്.
കഴിഞ്ഞ സീസണിൽ പുതിയ പരിശീലകൻ ആർണെ സ്ലോട്ടിന്റെ കീഴിൽ കിരീടമുയർത്തിയ ലിവർപൂൾ മികവ് ആവർത്തിക്കാനാണ് വരവ്. തുടർച്ചയായ അഞ്ചാം ട്രോഫി തേടിയെത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യം തകർത്തായിരുന്നു കുതിപ്പ്. ഇത്തവണയും ലിവർപൂൾ മികച്ച ഒരുക്കമാണ് നടത്തിയത്. കോടികൾ വീശി യുവതാരങ്ങളെ കളത്തിലെത്തിച്ചു. ബയേർ ലെവർകൂസനിൽനിന്ന് മധ്യനിരക്കാരൻ ഫ്ലോറിയൻ വിറ്റ്‌സ്, പ്രതിരോധക്കാരൻ ജെറെമി ഫ്രിംപോങ്, ഐൻട്രാക്‌ട് ഫ്രാങ്ക്‌ഫുർട്ടിൽനിന്ന് മുന്നേറ്റക്കാരൻ ഹ്യൂഗോ എകിടികെ, ബോണിമൗത്ത് പ്രതിരോധക്കാരൻ മിലോസ് കെർകെസ്, വലെൻസിയ ഗോൾകീപ്പർ ജോർജി മാമർദാഷ്‌വിലി എന്നിവരാണ് എത്തിയത്. മുന്നേറ്റക്കാരായ ഡാർവിൻ ന്യുനെസിനെയും ലൂയിസ് ഡയസിനെയും ഒഴിവാക്കി.
സീസണിന് മുന്നോടിയായുള്ള അഞ്ച് പരിശീലന മത്സരത്തിൽ നാലും ജയിച്ചാണ് വരവ്. എസി മിലാനോട് 4–2ന് തോറ്റു. ഇന്ന് പാലസിനെതിരായ പ്രകടനം ലിവർപൂളിന്റെ കരുത്ത് അളക്കും. ജയിച്ച് ഷീൽഡ് നേടി എതിരാളികൾക്ക് താക്കീത് നൽകുക എന്ന ലക്ഷ്യവുമായാണ് സ്ലോട്ടും ടീമും ഇറങ്ങുക. പാലസാകട്ടെ ക്ലബ്ബിന്റെ 119 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ തവണ കിരീടം ഉയർത്തിയത്. സിറ്റിയെ ഒറ്റ ഗോളിന് തോൽപ്പിച്ചായിരുന്നു നേട്ടം. കോച്ച് ഒളിവർ ഗ്ലാസ്‌നെർക്കുകീഴിൽ ഗംഭീര തുടക്കം കുറിക്കുക എന്ന ദൗത്യവുമായാണ് പാലസ് വെംബ്ലിയിൽ പന്തുതട്ടാനൊരുങ്ങുന്നത്. ഇംഗ്ലണ്ടിൽ അഴ്‌സണൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ടീമുകളെല്ലാം പതിവുപോലെ കിരീടപ്രതീക്ഷയിലാണ് പുതിയ സീസണിന് തയ്യാറെടുക്കുന്നത്.
സ്‌പാനിഷ് ലീഗ് 15നാണ് കിക്കോഫ്. നിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണ ആദ്യ കളിയിൽ 16ന് മയ്യോർക്കയെ നേരിടും. പുതിയ കോച്ച് സാബി അലോൺസോയുടെ റയൽ മാഡ്രിഡിന് 19ന് ഒസാസുനയാണ് എതിരാളി. അത്‌ലറ്റികോ മാഡ്രിഡാണ് മറ്റൊരു കരുത്തുറ്റനിര. ഫ്രഞ്ച് ലീഗ് 16നാണ്. ചാമ്പ്യൻമാരായ പിഎസ്‌ജി ആദ്യ കളിയിൽ നാന്റെസുമായി ഏറ്റുമുട്ടും. ജർമനിയിലും ഇറ്റലിയിലും 23നാണ് തുടക്കം. ബയേൺ മ്യൂണിക്കാണ് നിലവിലെ ജർമൻ ചാമ്പ്യൻമാർ. ഇറ്റലിയിൽ നാപോളിയും. ചാമ്പ്യൻസ് ലീഗിൽ യോഗ്യതാ റൗണ്ടുകൾ തുടങ്ങിക്കഴിഞ്ഞു. പിഎസ്‌ജിയാണ് നിലവിലെ ജേതാക്കൾ.









0 comments