ഒഡിഷ ‘കേരള എഫ്‌സി’

പ്രദീപ് ഗോപാൽ
Published on Feb 14, 2026, 09:51 AM | 2 min read
കോഴിക്കോട് : ആശങ്കകൾ മാറി ഇന്ത്യയിലെ പ്രധാന ഫുട്‌ബോൾ ലീഗിന് ഇന്ന് വിസിൽ മുഴങ്ങുമ്പോൾ പ്രതീക്ഷയുടെ കളത്തിലാണ് ടി ജി പുരുഷോത്തമൻ. ഒഡിഷ എഫ്‌സിയുടെ മലയാളി പരിശീലകൻ. ഐഎസ്‌എൽ ഫുട്‌ബോൾ ഇൗ സീസണിലെ നാല് ഇന്ത്യൻ പരിശീലകരിലൊരാൾ. 2022 മുതൽ കേരള ബ്ലാസ്‌റ്റേഴ്‌സ് സഹപരിശീലകനായിരുന്നു. കഴിഞ്ഞ സീസണിൽ മിക്കേൽ സ്‌റ്റാറേയെ പുറത്താക്കിയ ഘട്ടത്തിൽ മുഖ്യ പരിശീലകനായി. 12 മത്സരങ്ങളിൽ നയിച്ചു. ആ മികവ് ഒഡിഷയിലും തുടരാനാണ് ലക്ഷ്യം. 2001, 2004 സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന്റെ ഗോൾ കീപ്പറായിരുന്നു. 2002ൽ റണ്ണറപ്പായ ടീമിലും അംഗമായിരുന്നു. മഹീന്ദ്ര യുണെെറ്റഡിനായി കിരീടങ്ങൾ നേടി.
തൃശൂർ സ്വദേശിയാണ് നാൽപ്പത്തെട്ടുകാരൻ. എഎഫ്സി പ്രോ ലെെസൻസ് നേടിയ നാല് മലയാളി പരിശീലകരിൽ ഒരാൾ കൂടിയാണ്. സമ്മർദവും വെല്ലുവിളികളും അതിജീവിച്ച് മുന്നേറുമെന്ന് പുരുഷോത്തമൻ പറയുന്നു.
ഒഡിഷ എഫ്‌സിയിലേക്ക്
ഒരു കാരണവശാലും കേരളം വിടരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽ നമ്മൾ പ്രൊ--ഫഷണലായി നീങ്ങണം. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കണം. കരിയറിന്റെ വളർച്ചയിൽ അത് പ്രധാനമാണെന്ന് കരുതുന്നു. ആ ഘട്ടത്തിലാണ് ഒഡിഷയിൽനിന്നുള്ള വിളിയെത്തുന്നത്. അത് സ്വീകരിച്ചു.
വെല്ലുവിളികൾ, പ്രതീക്ഷകൾ
ഐഎസ്‌എൽ സീസൺ ആരംഭിക്കുന്നതിലെ അനിശ്‌ചിതത്വം എല്ല ക്ലബ്ബുകളെയും ബാധിച്ചിട്ടുണ്ട്. ഭാവി എന്താണെന്ന് അറിയാത്ത അവസ്ഥ. ഒഡിഷ ക്ലബും സമാനമായ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. പ്രീ സീസൺ മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞിട്ടില്ല. സൂപ്പർ കപ്പിലും ഇറങ്ങിയില്ല. കളിക്കാരുടെ ശാരീരികക്ഷമതയും ടീമിന്റെ ഒത്തിണക്കവുമൊക്കെ പ്രധാനമാണ്. മതിയായ തയ്യാറെടുപ്പില്ലാതെയാണ് കളത്തിലേക്കിറങ്ങുന്നത്. വെല്ലുവിളി പ്രതീക്ഷിച്ചുതന്നെയാണ് പോകുന്നത്. ടീം മാനേജ്‌മെന്റിന്റെ പൂർണ പിന്തുണയുണ്ട്. കളിക്കുക, മുന്നേറുക എന്നതാണ് ലക്ഷ്യം.
ടീം, മലയാളി താരങ്ങൾ
വിദേശ താരമായുള്ളത് സ്‌പാനിഷുകാരൻ കാർലോസ് ഡെൽഗാഡോയാണ്. രോഹിത് കുമാർ, റഹീം അലി, പുയ്‌ട്ടിയ എന്നിവരും പ്രധാന താരങ്ങളാണ്. മലയാളികളായി കെ പി രാഹുൽ, വി പി സുഹൈർ, തേജസ് കൃഷ്‌ണ എന്നിവരും.
ബ്ലാസ്‌റ്റേഴ്‌സ്
അവസരങ്ങൾ നൽകിയതും പരിശീലകനാക്കിയതും ബ്ലാസ്‌റ്റേഴ്‌സാണ്. നല്ല അനുഭവങ്ങളായിരുന്നു. ഇവിടുത്തെ സ്‌നേഹവും ആരവങ്ങളും എന്നുമൊപ്പമുണ്ടാകും. ഇവാൻ വുകോമനോവിച്ച്, മിക്കേൽ സ്‌റ്റാറേ എന്നിവരുമായി ഇപ്പോഴും നല്ല ബന്ധമാണ്.
മലയാളിക്കരുത്ത്
സഹപരിശീലകനായി ജോപോൾ അഞ്ചേരിയാണുള്ളത്. സജി ജോയ് ആണ് ഗോൾ കീപ്പിങ് കോച്ച്. സ്‌ട്രങ്‌ത് ആൻഡ് കണ്ടീഷനിങ് കോച്ചായി അനുഗ്രഹും ഫിസിയോയായി അഖിലേഷും ഒപ്പമുണ്ട്.
ജോപോൾ അഞ്ചേരി ഒഡിഷ സഹ പരിശീലകൻ
ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്‌റ്റൻ ജോപോൾ അഞ്ചേരി ഐഎസ്‌എൽ ടീം ഒഡിഷ എഫ്‌സിയുടെ പരിശീലകൻ. സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചിയുടെയും തൃശൂർ മാജിക് എഫ്‌സിയുടെയും സഹപരിശീലകനായിരുന്നു. രാജ്യാന്തര ഫുട്‌ബോളിലെ മിന്നുന്ന നേട്ടങ്ങൾക്കുശേഷമാണ് മലയാളിതാരം പരിശീലക വേഷത്തിലെത്തുന്നത്. എസ്‌എൽകെയിൽ രണ്ട് തവണ ടീമുകളെ റണ്ണറപ്പാക്കി. ഒഡിഷയിൽ മുഖ്യ പരിശീലകൻ ടി ജി പുരുഷോത്തമനൊപ്പം പുതിയ തുടക്കം കുറിക്കാനൊരുങ്ങുകയാണ് അന്പതുകാരൻ. എഎഫ്സി എ ലെെസൻസ് ഉടമയാണ്.










0 comments