Deshabhimani

print edition കളി മാറി, കഥയും

Super League.jpg

ഹരീഷ് അലി, ജോബിൻ ജോസഫ്, ഹൃതിക് ആന്റണി

വെബ് ഡെസ്ക്

Published on Nov 10, 2026, 12:00 AM | 1 min read

കോഴിക്കോട്‌: സെലക്ഷൻ ട്രയൽസിനായി കൊച്ചിയിലേക്ക്‌ വണ്ടികയറുമ്പോൾ ഫാരിസ്‌ അലി കരുതിയിരുന്നില്ല ജീവിതം മാറിമറിയുമെന്ന്‌. സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ പുതുതാരങ്ങൾക്ക്‌ കടന്നുവരാനുള്ള ‘പ്രൊജക്‌ട്‌ ഗെയിം ചെയ്‌ഞ്ചറിന്റെ’ ട്രയൽസിലായിരുന്നു എറണാകുളം കോതമംഗലം അടിവാട്‌ സ്വദേശി ഭാഗമായത്‌. ആഗസ്‌തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇരുപതുകാരന്റെ മികവ്‌ തിരിച്ചറിഞ്ഞ്‌ ഫോഴ്‌സ കൊച്ചി കൈയോടെ പൊക്കി. ടീമിലെത്തിയതോടെ ഫാരിസിന്റെ കളി മാറി, കഥയും. കൊച്ചിയുടെ പ്രധാന താരമാണിപ്പോൾ. പത്ത്‌ പേരാണ്‌ ഇത്തവണ ഗെയിം ചെയ്‌ഞ്ചറിന്റെ ഭാഗമായി ലീഗിൽ പന്തുതട്ടുന്നത്‌. ഇതിൽ ഏഴ്‌ പേരും അരങ്ങേറ്റവും നടത്തി.


കഴിഞ്ഞ സീസണിൽ മികച്ച ഭാവിതാരമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ വാരിയേഴ്‌സിന്റെ മുഹമ്മദ്‌ സിനാൻ ഉൾപ്പെടെ അഞ്ച്‌ താരങ്ങളായിരുന്നു ഗെയിം ചെയ്‌ഞ്ചർ വഴി പ്രഫഷണൽ ഫുട്‌ബോളിൽ അരങ്ങേറിയത്‌. ഇപ്രാവശ്യം ഇരട്ടിയായി. നാട്ടിലും കോളേജിലും പന്തുതട്ടിയ ക‍ൗമാരക്കാർ വിദേശ പരിശീലകർക്ക്‌ കീഴിൽ മിന്നുംതാരങ്ങൾക്കൊപ്പം മൈതാനം പങ്കിടുന്നു.


മുന്നേറ്റക്കാരനായ ഫാരിസ്‌ കൊച്ചിക്കായി അറ്റാക്കിങ്‌ മിഡ്‌ഫീൽഡറായാണ്‌ കളിക്കുന്നത്‌. ബൽജിയം കോച്ച്‌ വിക്ടർ ബ്രൊകെൽമാൻസിന്റെ ഇഷ്ടതാരമാണ്‌. ആറിൽ അഞ്ച്‌ മത്സരത്തിലും കളത്തിലിറങ്ങി. മുന്നേറ്റക്കാർക്ക്‌ പന്തെത്തിക്കുകയെന്ന ചുമതല ഭംഗിയായി നിർവഹിച്ചു. കോതമംഗലം എം എ കോളേജ്‌ വിദ്യാർത്ഥിയാണ്‌. കെപിഎല്ലിൽ റിയൽ മലബാറിനായി കളിച്ചിട്ടുണ്ട്‌. ഫാരിസിനെ കൂടാതെ അമർ മുഹമ്മദ്‌, പിയൂഷ്‌ സെബാസ്റ്റ്യൻ എന്നിവരും ഗെയിം ചെയ്‌ഞ്ചർ മുഖേന കൊച്ചിയിലെത്തി.

ഭാവിവാഗ്‌ദാനങ്ങൾക്ക്‌ എന്നും വലിയ വേദിയൊരുക്കുന്ന കണ്ണൂർ വാരിയേഴ്‌സ്‌ നാട്ടുകാരായ നാല്‌ കളിക്കാരെയാണ്‌ പദ്ധതി വഴി സ്വന്തമാക്കിയത്‌. ഇതിൽ ഇടുക്കി സ്വദേശിയായ പ്രതിരോധക്കാരൻ ജോബിൻ ജോസഫ്‌ നാല്‌ കളിയിലിറങ്ങി. പി അദ്വൈത്‌, മുഹമ്മദ്‌ ഫിസാൻ ജാബിർ, കെ ഹൃഷഭ്‌, പി ഗ‍ൗതം എന്നിവരാണ്‌ മറ്റ്‌ താരങ്ങൾ. തിരുവനന്തപുരം കൊമ്പൻസ്‌ ഹൃതിക്‌ ആന്റണി, ജംഷീദ്‌ അലി തുടങ്ങിയവരെയാണ്‌ കൂടാരത്തിലെത്തിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home