ജനകീയാസൂത്രണ പ്രവര്‍ത്തക സംഗമം
ഓർമകൾ നിറഞ്ഞു, മുന്നേറ്റക്കുതിപ്പായി

ജനകീയാസൂത്രണത്തിന്റെ 30ാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ജില്ലാ പ്രവര്‍ത്തക സംഗമത്തില്‍ ഡോ. ടി എം തോമസ് ഐസക് വൃക്ഷത്തൈ നടുന്നു.
സ്വന്തം ലേഖകൻ കോഴിക്കോട് ജനകീയാസൂത്രണം നാടിന് സമ്മാനിച്ച നേട്ടങ്ങളും ജനകീയ ഉത്സവ നാളുകളുടെ ഓർമകളും പങ്കുവെച്ച് ജില്ലാ പ്രവർത്തക സംഗമം. ജനകീയാസൂത്രണത്തിന്റെ തുടക്കക്കാരും പിൻതുടർച്ചക്കാരും ഒരേ വേദിയിൽ സംഗമിച്ചപ്പോൾ പിറന്നത് പുതുചരിത്രം. ജനകീയാസൂത്രണത്തിന്റെ 30ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ പ്രവർത്തക സംഗമത്തിൽ പഴയകാല അനുഭവങ്ങളും പുതിയകാല മുന്നേറ്റത്തിനുള്ള നിർദേശങ്ങളും നിറഞ്ഞു. പുതിയ തലമുറയെക്കൂടി ജനകീയാസൂത്രണത്തിൽ പങ്കാളികളാക്കേണ്ടതിന്റെ ആവശ്യകത സംഗമം ചർച്ച ചെയ്തു. വനിതകളുടെയും യുവാക്കളുടെയും പങ്കാളിത്തം കൂടുതൽ ഉൗർജം പകരുമെന്നും അഭിപ്രായം ഉയർന്നു. 1996ൽ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമ്പോഴും ഇപ്പോഴും ജനപ്രതിനിധികളായവരും അന്നത്തെ ജനപ്രതിനിധികളും സംഗമത്തിനെത്തി. ജനകീയാസൂത്രണം ആരംഭിച്ചശേഷം ജനിച്ച ജനപ്രതിനിധികളും സംഗമത്തിലുണ്ടായിരുന്നു. ജനകീയാസൂത്രണത്തിന്റെ റിസോഴ്സ് പേഴ്‌സൺമാരും ബ്ലോക്ക് കോ–ഓർഡിനേറ്റർമാരും തുടങ്ങി വിവിധ തലങ്ങളിൽ പദ്ധതിക്ക് നേതൃത്വം നൽകിയവർ പങ്കെടുത്തു. ജനകീയാസൂത്രണത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച് മൺമറഞ്ഞുപോയവരുടെ ഓർമകളും സംഗമവേദിയിൽ നിറഞ്ഞു. ഗോൾഡൻ ഗാർഡീനിയ ചെടി നട്ടുകൊണ്ട് ഡോ. ടി എം തോമസ് ഐസക് സംഗമം ഉദ്‌ഘാടനം ചെയ്തു. മുൻ മേയർമാരായ ഡോ. ബീന ഫിലിപ്പ്, എം എം പത്മാവതി, മുൻ ഡെപ്യൂട്ടി മേയർ പ്രൊഫ. പി ടി അബ്ദുൾ ലത്തീഫ്, ഒളവണ്ണ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ തങ്കമണി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സൽമ റഹ്മാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്‌ഘാടനം. മേയർ ഒ സദാശിവൻ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ, ഡോ. ജോയ് ഇളമൺ, മണലിൽ മോഹനൻ, പ്രൊഫ. കെ ശ്രീധരൻ, ഇ പി രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു.








0 comments