നിരത്ത് കൈയടക്കി കുട്ടി ഡ്രൈവർമാർ

എഐ ചിത്രം
സ്വന്തം ലേഖകൻ കോഴിക്കോട് സൂപ്പർ ബൈക്കുകളിൽ പറക്കുന്ന കുട്ടി ഡ്രൈവർമാർ നിരത്തിൽ നിറയുന്നു. അപകടങ്ങൾക്ക് വഴിവയ്‌ക്കുന്ന അഭ്യാസപ്രകടനങ്ങളും നിയമലംഘനവുമായി ചീറിപ്പായുമ്പോഴും മതിയായ നടപടി സ്വീകരിക്കാതെ മോട്ടോർ വാഹനവകുപ്പും പൊലീസും. നീരിക്ഷണ ക്യാമറകൾ പലയിടങ്ങളിലുണ്ടെങ്കിലും പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥികൾ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നത് നഗരത്തിലെ സ്ഥിരം കാഴ്‌ചയാണ്. ഹെൽമറ്റില്ലാതെയും മൂന്നുപേരെ കയറ്റിയുമാണ് മിക്ക കുട്ടിഡ്രൈവർമാരും ചീറിപ്പായുന്നത്. 10, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് കൂടുതലായും വാഹനം ഉപയോഗിക്കുന്നത്. മോട്ടോർ ബൈക്കുകൾ സ്‌കൂളിൽ കൊണ്ടുവരുന്നത് സ്കൂൾ അധികൃതർ വിലക്കാറുണ്ടെങ്കിലും ഫലം കാണുന്നില്ല. ബൈക്കുമായി സ്‌കൂളിലേക്ക് വരുന്ന വിദ്യാർഥികൾ അടുത്ത വീടുകളിലും റോഡരികിലുമാണ് പാർക്ക് ചെയ്യാറ്. കണ്ണാടി അഴിച്ചുമാറ്റിയും കൂടുതൽ ശബ്ദമുള്ള സൈലൻസർ ഉപയോഗിച്ചും വാഹനത്തിന്റെ ഹാൻഡ്‌ലുകൾ മാറ്റിയും സാരിഗാർഡ് അഴിച്ചുമാറ്റിയുമാണ് ഇവരുടെ സഞ്ചാരം. നീരീക്ഷണ ക്യാമറയിൽ കുടുങ്ങാതിരിക്കാൻ നന്പർ പ്ലേറ്റുകൾ മറയ്‌ക്കുകയോ അഴിച്ചുവെക്കുകയോ പതിവാണ്. നഗരത്തിലെ വിദ്യാലയങ്ങളിലും കടപ്പുറത്തും പരിശോധന കർക്കശമാക്കിയാൽതന്നെ നിരവധി കുട്ടിഡ്രൈവർമാർ പിടിയിലാകും. കുട്ടികൾ ഓടിക്കുന്ന വാഹനം അപകടത്തിൽപ്പെടുന്പോൾ മാത്രമാണ് പല രക്ഷിതാക്കളും വിവരമറിയുന്നത്. ലൈസൻസില്ലാത്ത കുട്ടികൾ പ്രതികളായ കേസുകൾ ഓരോ ജില്ലയിലും കൂടിവരികയാണെന്ന് പൊലിസും മോട്ടോർ വാഹന വകുപ്പും പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്‌താൽ വാഹനം നൽകിയ രക്ഷിതാവിന്, വാഹന ഉടമക്ക് 25,000 രൂപ പിഴയും മൂന്നുവർഷം തടവും ലഭിക്കും. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കും. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സായാൽ മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ പറ്റൂ. കുട്ടികൾക്ക് വാഹനം നൽകി; രക്ഷിതാക്കളടക്കം 4 പേർക്കെതിരെ കേസ് കുട്ടികൾക്ക് ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം നൽകിയ രണ്ടു രക്ഷിതാക്കൾ ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചു. മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ശനി പുലർച്ചെ കോഴിക്കോട് നഗരത്തിൽ ടൗൺ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിൽ അപകടകരമായി യാത്ര ചെയ്ത രണ്ടു കുട്ടികളെയും മാവൂരിൽ കാറുമായി സഞ്ചരിച്ച കുട്ടിയെയും പിടികൂടിയത്. പുലർച്ചെ 1.40ന് മാനാഞ്ചിറ ടൗൺഹാൾ റോഡിലൂടെ അമിത വേഗത്തിലെത്തിയ സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് ലൈസൻസില്ലാതെയാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായത്. തുടർന്ന് വാഹന ഉടമയെ ബന്ധപ്പെടുകയും കണ്ണിപറമ്പ് സ്വദേശിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു. 3.40ന് മറ്റൊരു സ്‌കൂട്ടർ ഓടിച്ചെത്തിയ കുട്ടിയെയും പിടികൂടി. കുട്ടിക്ക് വാഹനം നൽകിയ വാഹന ഉടമ പാവണ്ടൂർ സ്വദേശിക്കെതിരെയും കേസെടുത്തു. മാവൂരിൽ പുലർച്ചെ നാലിനാണ് കാറുമെടുത്ത് കുട്ടി നിരത്തിലിറങ്ങിയത്. കാർ ഓടിച്ച കുട്ടിയെ ചോദ്യം ചെയ്‌തപ്പോൾ സുഹൃത്താണ് കാർ നൽകിയതെന്ന് പറഞ്ഞു. സുഹൃത്തിനെ വിളിച്ചു വരുത്തിയ പൊലിസുകാർ കസ്റ്റഡിയിലെടുത്തു. ഉള്ളൂർ സ്വദേശിക്കെതിരെ മാവൂർ പൊലീസ് കേസെടുത്തു. ചക്കുംകടവിലും സമാന സംഭവമുണ്ടായി. വൈകിട്ട് പന്നിയങ്കര പൊലീസ് സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു പരിശോധിച്ചതിൽ പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയും വാഹന ഉടമയായ കുട്ടിയുടെ മാതാവിനെതിരെ കേസെടുക്കുകയും ചെയ്തു.








0 comments