181 കളിക്കാരിൽ 51 അണ്ടർ 23 താരങ്ങൾ
print edition ഇൗ ബൂട്ടുകളിൽ നിറയെ ഗോളുകൾ ; കേരളത്തിന് നേട്ടമായി സൂപ്പർലീഗിലെ യുവതാരങ്ങൾ

അജിൻ ജി രാജ്
Published on Dec 12, 2025, 02:15 AM | 2 min read
കോഴിക്കോട്
കളംനിറയെ ഭാവിയാണ്. സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ രണ്ടാം സീസണിലെത്തുമ്പോൾ കേരള ഫുട്‌ബോളിന് നല്ലകാലമാണ്. ഭാവി ഭദ്രമാണെന്ന ഉറപ്പ്. ആദ്യ പതിപ്പ് പോലെ ഒരുപിടി യുവതാരങ്ങളാണ് കളംപിടിക്കുന്നത്. പ്രാഥമിക ഘട്ടം അവസാനിച്ചപ്പോൾ സൂപ്പർതാരങ്ങൾ പിറന്നുകഴിഞ്ഞു. ഗോളടിയിലും ഒരുക്കുന്നതിലും തടയുന്നതിലുമെല്ലാം പുതുതാരങ്ങൾ മുന്നിലുണ്ട്. ആകെ 181 കളിക്കാരിൽ 51 പേർ അണ്ടർ 23 താരങ്ങളാണ്. അന്തിമ ടീമിൽ ഒരേ സമയം രണ്ട് അണ്ടർ 23 താരങ്ങൾ കളിക്കണമെന്നാണ് ചട്ടം. ജനുവരിയിൽ നടക്കുന്ന സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ കുപ്പായത്തിൽ ഇവരിൽ പലരെയും കാണാം. സൂപ്പർ ലീഗിൽ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച കളിക്കാരെ പരിചയപ്പെടാം...

മുഹമ്മദ് അജ്‌സൽ (22)
കാലിക്കറ്റ് എഫ്‌സി, മുന്നേറ്റക്കാരൻ
വിദേശ സ്‌ട്രൈക്കർമാർ അനവധിയുണ്ട് സൂപ്പർ ലീഗിൽ. എന്നാൽ ഏറ്റവും അപകടകാരിയായ ഗോളടിക്കാരൻ ഇൗ മലയാളി യുവതാരമാണ്. കാലിക്കറ്റ് എഫ്‌സിയുടെ കുന്തമുന. പ്രായത്തെക്കാളും പക്വതയോടും കരുത്തോടെയും വിയർത്തുകളിക്കുന്ന മുന്നേറ്റക്കാരൻ. 10 കളിയിൽ ഏഴ് ഗോളടിച്ച് ഗോൾവേട്ടക്കാരിൽ രണ്ടാമനാണ്. ഒരു അവസരവും ഒരുക്കി. കോഴിക്കോട് ഇൗങ്ങാപുഴ സ്വദേശി. കേരള ബ്ലാസ്‌റ്റേഴ്‌സിൽനിന്ന് വായ്‌പാടിസ്ഥാനത്തിലാണ് കാലിക്കറ്റിനായി കളിക്കുന്നത്. മലപ്പുറം എംഎസ്‌പിയിലൂടെയായിരുന്നു തുടക്കം. എം എ കോളേജിനായും കളിച്ചു. ഇന്റർ കാശിക്കൊപ്പവും പന്തുതട്ടി. അവസാന സന്തോഷ് ട്രോഫിയിൽ കേരളത്തിനായി എട്ട് ഗോളടിച്ചു.
മുഹമ്മദ് മുഷ്‌റഫ് (22)
ഫോഴ്‌സ കൊച്ചി, പ്രതിരോധക്കാരൻ
തോൽവിയിൽ മുങ്ങിയെങ്കിലും ഫോഴ്‌സ കൊച്ചി കുപ്പായത്തിൽ മനംകവർന്ന പ്രകടനമായിരുന്നു ഇടതുപ്രതിരോധക്കാരന്റേത്. ആക്രമണത്തിലും മിടുക്കനാണ്. മൈതാന മൂലയിൽനിന്ന് മുന്നേറ്റ കൂട്ടാളികൾക്ക് പന്തെത്തിക്കുകയെന്ന ജോലി നന്നായി ചെയ്യും. എട്ട് കളിയിലിറങ്ങി. 379 പാസും 20 ക്രോസുകളും കൈമാറി. കണ്ണൂർ പയ്യന്നൂർ സ്വദേശി. കൊൽക്കത്തൻ ക്ലബ് ഭവാനിപ്പുർ എഫ്‌സിയിൽനിന്നാണ് കൊച്ചിയിലെത്തിയത്. ഇൗസ്റ്റ് ബംഗാൾ റിസർവ് നിരയ്‌ക്കായും പന്തുതട്ടി. സന്തോഷ് ട്രോഫിയിൽ കഴിഞ്ഞ തവണ കേരളത്തിനായി നിർണായക പ്രകടനവും നടത്തി. കണ്ണൂർ എസ്‌എൻ കോളേജിലൂടെയാണ് പ്രഫഷണൽ രംഗത്തെത്തിയത്.
എ കെ കമാലുദ്ദീൻ (21)
തൃശൂർ മാജിക് എഫ്‌സി, ഗോൾകീപ്പർ
തൃശൂർ മാജിക് എഫ്‌സിയുടെ ഗോൾപോസ്റ്റിന് കീഴിലെ ഉശിരൻ കളികൊണ്ട് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയ താരം. തായ്‌ലൻഡിനെതിരായ ഇന്ത്യൻ അണ്ടർ 23 ടീമിന്റ സൗഹൃദ മത്സരത്തിനുള്ള സംഘത്തിലാണ് തൃശൂർ അക്കിക്കാവ് സ്വദേശി ഇടംപിടിച്ചത്. കഴിഞ്ഞ മാസമായിരുന്നു കളി. സൂപ്പർ ലീഗിൽനിന്ന് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരം കൂടിയാണ്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ചാമ്പ്യൻമാരായ കേരള ടീമിന്റെ ഗോളിയായിരുന്നു. ഇൗസ്‌റ്റ് ബംഗാൾ റിസർവ് ടീമിലും അംഗമായിരുന്നു. ലീഗിൽ ഏഴ് കളിയിൽ 21 രക്ഷപ്പെടുത്തലുകൾ നടത്തി.
ജിതിൻ പ്രകാശ് (21)
മലപ്പുറം എഫ്‌സി, പ്രതിരോധക്കാരൻ
സൂപ്പർ ലീഗിലെ ഭാവിവാഗ്‌ദാനങ്ങളിൽ പ്രധാനി. ഇടതുപ്രതിരോധത്തിൽ മലപ്പുറം എഫ്‌സിയുടെ കോട്ട കാക്കുന്നത് ഇരുപത്തൊന്നുകാരനാണ്. ഏത് പരിചയസമ്പന്നനെയും മറികടക്കാനാകുന്ന ശാരീരികക്ഷമതയാണ്. മലപ്പുറം വേങ്ങരയാണ് നാട്. ലൂക്കാ സോക്കർ ക്ലബിൽനിന്ന് വായ്‌പാടിസ്ഥാനത്തിലാണ് മലപ്പുറത്തിനായി കളിക്കുന്നത്. എട്ട് കളിയിൽ 587 മിനിറ്റ് കളത്തിൽ ചെലവഴിച്ചു. എതിർമുന്നേറ്റത്തിന്റെ മുനയൊടിക്കുന്നതിൽ പ്രധാനി. കെപിഎല്ലിൽ ഉൾപ്പെടെ മികവ് കാട്ടിയിട്ടുണ്ട്.
മുഹമ്മദ് സിനാന്‍ (21)
കണ്ണൂർ വാരിയേഴ്‌സ്, വിങ്ങർ
പകരക്കാരനായെത്തെി കണ്ണൂർ വാരിയേഴ്‌സിന്റെ വജ്രായുധമായി. കണ്ണൂര്‍ കക്കാട് സ്വദേശി. ഒമ്പത് കളിയിൽ മൂന്ന് ഗോളും രണ്ട് അവസരവും ഒരുക്കി ഇൗ വലതു വിങ്ങർ. ഇരുകാലുകൊണ്ടും ഷോട്ടുതിർക്കാനുള്ള കരുത്താണ് സവിശേഷത. ലീഗിന് മുന്നോടിയായി നടത്തിയ ട്രയൽസിലൂടെയാണ് കണ്ണൂരിന്റെ ഭാഗമാകുന്നത്. ഇന്ത്യന്‍ മുൻ ക്യാപ്‌റ്റൻ കെ വി ധനേഷിന്റെ കെ വി സോക്കര്‍ അക്കാദമിയില്‍ നിന്നാണ് കളി തുടങ്ങിയത്. കണ്ണൂര്‍ ജില്ലാ ലീഗില്‍ കണ്ണൂര്‍ യുണൈറ്റഡിന് വേണ്ടിയും ബൂട്ടണിഞ്ഞു.









0 comments