print edition സൂപ്പർ ലീഗ്: കൊമ്പൊടിച്ച് മലപ്പുറം; അനായാസ ജയം

മഞ്ചേരിയിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ ഗോൾ നേടിയ മലപ്പുറം എഫ്സിയുടെ സി കെ റാഷിദിന്റെ ആഹ്ലാദം
മഞ്ചേരി: സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ മലപ്പുറം എഫ്‌സിക്ക് അനായാസ ജയം. തിരുവനന്തപുരം കൊമ്പൻസിനെ മൂന്ന് ഗോളിന് തുരത്തി. നേരത്തെ സെമിയിലെത്തിയ മലപ്പുറം 17 പോയിന്റുമായി രണ്ടാമതാണ്. സെമിയിലെത്തിയ മറ്റൊരു ടീമായ കോഴിക്കോടാണ് 20 പോയിന്റോടെ ഒന്നാമത്.
ഒന്നാം പകുതിയിൽ കൊമ്പൻസ് നിലയുറപ്പിക്കുംമുമ്പെ മലപ്പുറം മുന്നിലെത്തി. 11–ാം മിനിറ്റിൽ സി കെ റാഷിദിലൂടെയാണ് ലീഡ് നേടിയത്. രണ്ടാം പകുതിയിൽ 66, 68 മിനിറ്റുകളിൽ ഗോളടിച്ച് വിജയം ഉറപ്പിച്ചു. പൗളോ വിക്‌ടറും ജോൺ കെന്നഡിയും ലക്ഷ്യം കണ്ടു.
ഇന്ന് ആദ്യത്തെയും അവസാനത്തെയും സ്ഥാനക്കാർ തമ്മിൽ കോഴിക്കോട്ടാണ് മത്സരം. കോർപ്പറേഷൻ ഇഎംഎസ് സ്‌റ്റേഡിയത്തിൽ രാത്രി 7.30ന് കാലിക്കറ്റ് എഫ്‌സി തൃശൂർ മാജിക് എഫ്‌സിയെ നേരിടും.
നാല് കളി ബാക്കി
ഇന്ന്: രാത്രി 7.30 തൃശൂർ x കാലിക്കറ്റ് (വേദി കോഴിക്കോട്)
25 : കണ്ണൂർ x മലപ്പുറം (കണ്ണൂർ)
26: കൊച്ചി x കാലിക്കറ്റ് (കൊച്ചി)
27: തൃശൂർ x തിരുവനന്തപുരം (തൃശൂർ).









0 comments