Deshabhimani

പുരോഗമന ചിന്തകളുടെ തണലിൽ കോട്ടവട്ടത്തെ അമ്മാത്ത് വീട്

ലളിതാംബിക അന്തർജനം കുടുബത്തോടൊപ്പം (ഫയൽ ചിത്രം )

ലളിതാംബിക അന്തർജനം കുടുബത്തോടൊപ്പം (ഫയൽ ചിത്രം )

വെബ് ഡെസ്ക്

Published on Nov 22, 2026, 12:52 AM | 1 min read

കുന്നിക്കോട്

സ്ത്രീകൾക്ക് വിദ്യാഭ്യാസവും പൊതുവേദികളിൽ സംസാരിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട കാലത്ത് പുരോഗമന ചിന്തകൾക്ക് ഇടം നൽകിയ കുടുംബമായിരുന്നു കോട്ടവട്ടത്തെ അമ്മാത്ത് വീട്‌ എന്ന് ലളിതാംബിക അന്തർജനത്തിന്റെ ഇളയ മകൾ മണികൃഷ്ണൻ ഓർക്കുന്നു. പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം പോലും അന്യമായിരുന്ന കാലത്ത് അമ്മയുടെ അച്ഛൻ ദാമോദരര് വീട്ടിൽ അധ്യാപകരെ വരുത്തിയാണ് പഠിപ്പിച്ചത്. സംസ്കൃതം, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ അമ്മ പ്രാവീണ്യം നേടിയത് മുത്തച്ഛന്റെ പിന്തുണയിലൂടെയായിരുന്നു. സ്ത്രീകൾക്ക് സാരി ഉടുക്കുന്നതിനും പൊതുവേദികളിൽ പ്രസംഗിക്കുന്നതിനും വിലക്കുണ്ടായിരുന്ന കാലത്ത് മന്നത്ത് പത്മനാഭൻ പങ്കെടുത്ത വേദിയിൽ സാരിയുടുപ്പിച്ച് അമ്മയെ പ്രസംഗിപ്പിക്കാനും കുടുംബം തയ്യാറായി. ഇതിന്റെ പേരിൽ സമുദായത്തിന്റെ വിലക്കും നേരിടേണ്ടിവന്നു. പിന്നീട് ഭാസ്കരവിലാസത്തിലെ നാരായണൻ നമ്പൂതിരിക്കൊപ്പം ജീവിതം പങ്കിട്ടപ്പോഴും അമ്മയുടെ സാഹിത്യരചനകൾക്ക് അദ്ദേഹത്തിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. രാമപുരത്തായിരുന്നു താമസമെങ്കിലും അമ്മയുടെ മനസ്സ് എന്നും കോട്ടവട്ടത്തെ വീട്ടിലായിരുന്നുവെന്ന് മണികൃഷ്ണൻ പറയുന്നു. വിശാലമായ തൊടിയും പാത്രക്കുളവും പവിഴമല്ലിയും നാലുകെട്ടും കഥകളി ബംഗ്ലാവും സീതയെന്ന ആനയും കാരിക്കുഴി തോടുമെല്ലാം അമ്മയുടെ ഓർമകളിൽ മരിക്കുന്നതുവരെ നിറഞ്ഞുനിന്നു. ഒരു വീടിന്റെ ഓർമകൾ മാത്രമായിരുന്നില്ല അത്. സ്ത്രീസ്വാതന്ത്ര്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പുരോഗമന ചിന്തകളുടെയും വെളിച്ചം പകർന്ന കുടുംബത്തിന്റെ ചരിത്രം കൂടിയായിരുന്നുവെന്ന് മകൾ എൺപത്തിനാലുകാരി മണികൃഷ്ണൻ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home