ജില്ലയിൽ റേഷൻകടകൾ കാലി

കൊല്ലം
ജില്ലയിൽ റേഷൻകടകൾ കാലി. നവംബറിലെ വിതരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഗുണഭോക്താക്കൾ മടങ്ങുന്നത് വെറുംകൈയോടെ. 22 ദിവസമായിട്ടും ഇൗ മാസത്തെ വിതരണത്തിനുള്ള മട്ട അരി, വെള്ള അരി, പച്ചരി, ആട്ട എന്നിവ ഒരു കടയിലും സ്റ്റോക്കില്ല. വാടകക്കുടിശ്ശിക ആവശ്യപ്പെട്ട് കരാറുകാർ സൂചനാപണിമുടക്ക് നടത്തിയതോടെ ജില്ലയിലെ എല്ലാ എൻഎഫ്എസ്എ ഗോഡൗണുകളിലെയും പ്രവർത്തനം നിലച്ചു. വാതിൽപ്പടി വിതരണക്കരാറുകാർക്ക് നൽകാനുള്ള കുടിശ്ശികത്തുക സർക്കാർ വകമാറ്റിയതാണ് പൊതുവിതരണ സംവിധാനം കൂടുതൽ പ്രതിസന്ധിയിലാക്കിയത്. ഇതിനൊപ്പം എൻഎഫ്എസ്എയിലെ കയറ്റിറക്ക് തൊഴിലാളികളും ലോറി കരാറുകാരും സമരത്തിലായതും പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ ദിവസം സമരം പിൻവലിച്ചെങ്കിലും അടുത്ത ആഴ്‌ച അവസാനത്തോടെ മാത്രമേ റേഷൻ കടകളിൽ സ്റ്റോക്ക് എത്തൂ. 30ന് ധാന്യവിതരണം അവസാനിക്കുമെന്നിരിക്കെ ഇൗ മാസം ഭൂരിഭാഗം പേർക്കും റേഷൻ കിട്ടാത്ത സാഹചര്യമാണ് ഉള്ളത്. എൽഡിഎഫ് സർക്കാരിന് കീഴിൽ യഥാസമയം റേഷൻ കിട്ടിയിരുന്നിടത്താണ് ഇപ്പോൾ മാസാവസാനമായാലും ഭക്ഷ്യധാന്യങ്ങൾ ലഭിക്കാത്തത്. എൽഡിഎഫ് സർക്കാർ മാസാദ്യം തന്നെ ഒറ്റത്തവണയായി ഒന്നരമാസം വിതരണംചെയ്യാനുള്ള ധാന്യസ്‌റ്റോക്ക് റേഷൻകടകളിൽ എത്തിക്കുമായിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരമേറ്റ നാൾ മുതൽ 15നുശേഷം മൂന്നുതവണയായാണ് എത്തിക്കുന്നത്. ഇക്കാരണത്താൽ ഗുണഭോക്താക്കൾക്ക് റേഷൻ വാങ്ങാൻ ദിവസം ലഭിക്കാത്ത സഹാചര്യമാണുള്ളത്. സാധാരണ മാസാദ്യമാണ് ഭൂരിഭാഗം ഗുണഭോക്താക്കളും റേഷൻ വാങ്ങാനെത്തുന്നത്. മിക്ക കടകൾക്കും ആവശ്യമായ ധാന്യം എത്തിക്കാത്തതും പതിവാണ്.








0 comments