print edition സൂപ്പർ ലീഗ് കേരള സെപ്‌തംബർ 25ന്; കിക്കോഫ് കണ്ണൂർ x തൃശൂർ

അജിൻ ജി രാജ്
Published on Aug 08, 2026, 12:22 AM | 1 min read
കോഴിക്കോട്: കഴിഞ്ഞ സീസൺ ഫൈനലിന്റെ തനിയാവർത്തനത്തോടെ സൂപ്പർ ലീഗ് കേരള ഫുട്‌ബോളിന് കിക്കോഫ്. മൂന്നാം പതിപ്പിലെ ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്‌സ് റണ്ണറപ്പുകളായ തൃശൂർ മാജിക് എഫ്‌സിയെ നേരിടും. സെപ്‌തംബർ 25ന് കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലാണ് പോരാട്ടം. ഇത്തവണ മത്സരങ്ങൾ യുണൈറ്റഡ് സ്‌പോർട്‌സിലും Z5ലും തത്സമയം കാണാം. ഡിസംബർ 12നാണ് ഫൈനൽ. വേദി പിന്നീട് തീരുമാനിക്കും.
അവസാന രണ്ട് സീസണുകളിൽനിന്ന് വ്യത്യസ്‌തമായി ഇത്തവണ മത്സരങ്ങളുടെ എണ്ണം 33ൽനിന്ന് 35 ആയി ഉയരും. സെമി ഫൈനൽ മത്സരങ്ങൾ ഇരുപാദങ്ങളിലായാണ് നടക്കുക. സ്വന്തം തട്ടകത്തിലും എതിർ തട്ടകത്തിലുമായി സെമി നടക്കുന്നതോടെ ആവേശം ഇരട്ടിക്കും. ആറ് ടീമുകളും ആറ് വേദികളുമാണ്. കാലിക്കറ്റ് എഫ്‌സി, മലപ്പുറം എഫ്‌സി, ഫോഴ്‌സ കൊച്ചി, തിരുവനന്തപുരം കൊമ്പൻസ് എന്നീ ടീമുകളുമുണ്ട്.
മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ സീറ്റുകളുടെ എണ്ണം കൂട്ടും. നിലവിൽ 15,000 പേർക്ക് കളി കാണാം. ഇത് ഇരുപതിനായിരമാക്കി ഉയർത്തും. നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കളിച്ചിരുന്ന കൊച്ചി ഇത്തവണ കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ പന്തുതട്ടും.
ടീമുകളെല്ലാം പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ്. ചാമ്പ്യൻമാരായ കണ്ണൂർ റഷ്യക്കാരനായ ആന്ദ്രെ ചെർണിഷോവിനെയും മലപ്പുറം മൊറോക്കോക്കാരൻ കരീം ബെഞ്ചെറിഫയെയും മുഖ്യപരിശീലകരായി കൊണ്ടുവന്നു. കാലിക്കറ്റ് നിലവിലെ അർജന്റീന കോച്ച് എവെർ ഡെമാൽഡെയെ നിലനിർത്തും. കൊച്ചി ബൽജിയം പരിശീലകനുമായി കരാറിലായതാണ് സൂചന.










0 comments