print edition സൂപ്പർ ലീഗ് കേരള: മലപ്പുറത്തെ ഗോളിൽ മുക്കി കാലിക്കറ്റ്

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്സിക്കെതിരെ ഗോള്‍ നേടിയ കാലിക്കറ്റ് എഫ്സി താരം ഫെഡറികോ ബുവാസോ (10) കാണികളെ അഭിവാദ്യംചെയ്യുന്നു , ഫോട്ടോ: കെ ഷെമീർ
ആർ ഹനീഷ്‌കുമാർ
Published on Nov 02, 2026, 01:30 AM | 1 min read
മഞ്ചേരി: മലപ്പുറം എഫ്‌സിയെ ഗോൾമഴയിൽ മുക്കി സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ കാലിക്കറ്റ് എഫ്‌സിയുടെ കുതിപ്പ്. മലബാർ ഡെർബിയിൽ 6–2നാണ് മലപ്പുറത്തെ കാലിക്കറ്റ് തുരത്തിവിട്ടത്. പതിനേഴായിരത്തോളം കാണികളാണ് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ കളി കാണാനെത്തിയത്. വമ്പൻ ജയത്തോടെ 14 പോയിന്റുമായി ഒന്നാമതെത്താനും കാലിക്കറ്റിന് കഴിഞ്ഞു. സ്വന്തം തട്ടകത്തിൽ കനത്ത തോൽവി വഴങ്ങിയ മലപ്പുറം എട്ട് പോയിന്റുമായി മൂന്നാമതാണ്.
ഇരട്ടഗോളുമായി ബ്രസീലുകാരൻ ലിയണാർഡോയും ഫെഡറികോ ബുവാസോയും തകർത്താടി. പതിനെട്ടുകാരൻ കാൽവിൻ തോമസിലൂടെയായിരുന്നു കാലിക്കറ്റിന്റെ ആദ്യഗോൾ. മലപ്പുറം ഗോൾ കീപ്പർ ധീരജ് സിങ്ങിനെ കബളിപ്പിച്ച്, ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് വലയിൽ കയറി. 42–ാം മിനിറ്റിലായിരുന്നു ആദ്യഗോൾ. തുടർന്ന് കളിയുടെ മൂന്ന് മിനിറ്റിനിടെ നാല് ഗോളാണ് കാലിക്കറ്റ് അടിച്ചുകൂട്ടിയത്. കാൽവിന്റെ കോർണർ കിക്കിൽ തലവച്ച് പ്രതിരോധക്കാരൻ അലെക്‌സിസ് സോസ രണ്ടാംഗോൾ നേടി. തുടർന്നായിരുന്നു ബുവാസോയും ലിയണാർഡോയും കളം ഭരിച്ചത്.
ഇതോടെ മലപ്പുറം തകർന്നു. മലപ്പുറത്തിനായി അമദൗ സൗകൗനയും നെദിൻ ഹാദ്‌സിച്ചും ഗോളടിച്ചു. സൗകൗനയുടെ പരിക്ക് മലപ്പുറത്തെ കൂടുതൽ തളർത്തി. ഗോൾകീപ്പർ ധീരജ് സിങ്ങിന്റെ മോശം പ്രകടനവും തോൽവിയുടെ ആഘാതം കനത്തതാക്കി.
കാലിക്കറ്റ് അവസാന കളിയിൽ ഫോഴ്‌സ കൊച്ചിയോട് തോറ്റിരുന്നു. 13 പോയിന്റുമായി കൊച്ചിയാണ് രണ്ടാമത്.
ആറിനാണ് സൂപ്പർ ലീഗിൽ അടുത്ത കളി. മലപ്പുറം കൊച്ചിയെ നേരിടും. പയ്യനാടാണ് കളി.









0 comments