print edition കാലിക്കറ്റ് x കണ്ണൂർ ; സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ സെമി ഇന്ന്

കാലിക്കറ്റ് എഫ്സി ക്യാപ്റ്റൻ കെ പ്രശാന്ത് പരിശീലനത്തിൽ
കോഴിക്കോട്
തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന കാലിക്കറ്റ് എഫ്‌സിയും ആദ്യ നേട്ടം മോഹിക്കുന്ന കണ്ണൂർ വാരിയേഴ്‌സും ഇന്ന് നേർക്കുനേർ. സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ആദ്യ സെമിയിൽ അയൽക്കാർ ഏറ്റുമുട്ടും. കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ് കളി. നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് പ്രാഥമിക ഘട്ടത്തിൽ ഒന്നാമതായാണ് സെമിയിലെത്തിയത്. 10 കളിയിൽ ഏഴ് ജയം, ഒരു തോൽവി, രണ്ട് സമനില അടക്കം 23 പോയിന്റുണ്ട്. കണ്ണൂരാകട്ടെ നാലാമതായി. മൂന്ന് വീതം ജയവും തോൽവിയുമാണ്. നാല് സമനില. സമ്പാദ്യം 13 പോയിന്റ്.
കണ്ണൂരിന് സെമിയിലെത്താൻ കാലിക്കറ്റിന്റെ സഹായമുണ്ടായിരുന്നു. അവസാന കളിയിൽ കാലിക്കറ്റ് തിരുവനന്തപുരം കൊമ്പൻസിനെ തോൽപ്പിച്ചതോടെയാണ് കണ്ണൂർ നാലാമതായി സെമി ഉറപ്പിച്ചത്.
അവസാന ആറ് കളിയും ജയിച്ചാണ് കാലിക്കറ്റിന്റെ വരവ്. ചാമ്പ്യൻമാർക്കൊത്ത പ്രകടനമാണവർ നടത്തിയത്. എല്ലാ മേഖലയിലും മികച്ച കളിക്കാരുണ്ട്. വിദേശ–ദേശീയ–മലയാളി താരങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം. ലീഗിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമാണ്–21 എണ്ണം. വഴങ്ങിയത് 11 മാത്രം. മലയാളി യുവതാരം മുഹമ്മദ് അജ്‌സലാണ് (7) ഗോളടിയന്ത്രം. സെബാസ്റ്റ്യൻ റിങ്കണുമുണ്ട് കരുത്തായി.
മധ്യനിരയിൽ കളി മെനയുന്നത് അർജന്റീനക്കാരൻ ഫെഡറികോ ബോവോസയാണ്. പ്രതിരോധത്തിൽ അലെക്‌സിസ് സോസയുമുണ്ട്. കെ പ്രശാന്ത്, മുഹമ്മദ് റിയാസ് തുടങ്ങിയ മിന്നുംതാരങ്ങളുമുണ്ട്. അർജന്റീനയുടെ എവെർ അഡ്രിയാനോ ഡെമാൽഡോയാണ് കോച്ച്.
കണ്ണൂരിന് കാര്യങ്ങൾ അത്ര സുഖകരമല്ല. 15 ഗോളാണവർ വഴങ്ങിയത്. പ്രതിരോധത്തിൽ അത്ര ബലമില്ല. സമ്മർദത്തെ അതിജീവിക്കാനാകുന്നില്ല. രണ്ടാംപകുതിയിൽ ഗോൾ വഴങ്ങുന്നത് പതിവാക്കി. 13 ഗോളാണ് എതിർ വലയിൽ നിക്ഷേപിച്ചത്. മുന്നേറ്റത്തിന് മൂർച്ച കുറവാണ്. ക്യാപ്‌റ്റനും മുന്നേറ്റക്കാരനുമായ അഡ്രിയാൻ സാർഡിനെറോ പരിക്കേറ്റ് പുറത്താണ്. പനി പിടിച്ച വലതുപ്രതിരോധക്കാരൻ എസ് സന്ദീപും ഇന്ന് കളിക്കില്ല.
മുന്നേറ്റത്തിൽ ആശ്രയിക്കാൻ നല്ല സ്‌ട്രൈക്കറില്ലാത്തത് പോരായ്‌മയാണ്. മലയാളി വിങ്ങർ മുഹമ്മദ് സിനാൻ, അസിയെർ ഗോമസ്, എർണെസ്‌റ്റെൻ ലാവ്‌സാംബ എന്നിവരാണ് പ്രമുഖർ.രണ്ടാം സെമിയിൽ നാളെ തൃശൂരിൽ മലപ്പുറം എ-ഫ്‌സിയും തൃശൂർ മാജിക് എഫ്‌സിയും പോരാടും.









0 comments