print edition സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സിനെ വീഴ്ത്തി കാലിക്കറ്റ് എഫ്സി

കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സ് ക്യാപ്റ്റൻ ബോഗ്-ദൻ സ്റ്റാമെങ്കോവിച്ചിന്റെ (നടുവിൽ) ഗോൾ ശ്രമം തടയുന്ന കാലിക്കറ്റ് എഫ്സിയുടെ എം മനോജ്
ബിജു കാർത്തിക്
Published on Oct 19, 2026, 01:30 AM | 1 min read
കണ്ണൂർ: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ്സി അപരാജിതരായി മുന്നോട്ട്. ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്സ് എഫ്സിയെ തട്ടകത്തിൽ വീഴ്ത്തി. പതിനഞ്ചാം മിനിറ്റിൽ അർജന്റീനക്കാരൻ ഫെഡറികോ ബുവാസോ വിജയഗോൾ നേടി. ഒരുമണിക്കൂറോളം പത്തു പേരുമായി ചെറുത്തുനിന്ന കാലിക്കറ്റ് നാല് കളിയിൽ 11 പോയിന്റുമായി ഒന്നാമത് തുടർന്നു. കണ്ണൂർ ഏഴ് പോയിന്റുമായി മൂന്നാംസ്ഥാനത്താണ്. ബുവാസോയുടെ ഒറ്റയാൾ മുന്നേറ്റമാണ് ലീഡ് നൽകിയത്. പ്രതിരോധിക്കാൻ മറന്ന കണ്ണൂർ താരങ്ങൾക്കിടയിലൂടെ പന്തുമായി മുന്നേറിയ ബുവാസോ ബോക്സിലേക്ക് കയറി കണ്ണൂർ ഗോളി ഹജ്മലിനെ കബളിപ്പിച്ച് ലക്ഷ്യം കണ്ടു.
ഫിനിഷിങ്ങിലെ പാളിച്ച മൂലം കണ്ണൂരിന് നിരവധി അവസരങ്ങൾ പാഴായി. തുടർച്ചയായി ലഭിച്ച മൂന്ന് കോർണർകിക്കുകളും ലക്ഷ്യം തെറ്റി. 31–ാം മിനിറ്റിൽ കണ്ണൂർ വാരിയേഴ്സ് താരം അസിയർ ഗോമസിനെ ഫൗൾ ചെയ്തതിന് കാലിക്കറ്റിന്റെ മാനുവൽ വില്ലാലോബ്സിന് ചുവപ്പ്കാർഡ് കിട്ടി. പത്ത് പേരായി ചുരുങ്ങിയിട്ടും കാലിക്കറ്റ് പതറിയില്ല. പരിക്കേറ്റ പ്രതിരോധ താരം അലക്സിസ് സോസയ്ക്ക് പകരം മുഹമ്മദ് റിയാസെത്തി. കളത്തിൽ ഇടപെടാൻ ശ്രമിച്ച കണ്ണൂർ കോച്ച് ആൻഡോ ചെക്കോവിന് റഫറി മഞ്ഞക്കാർഡ് നൽകി. രണ്ടാം പകുതിയിൽ സമനിലക്കായി ശ്രമിച്ചെങ്കിലും പ്രതിരോധം പിടിച്ചുനിന്നു.
അവസാന നിമിഷങ്ങളിലെ ചടുല നീക്കങ്ങൾ ജവാഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനൊന്നായിരത്തോളം വരുന്ന കാണികൾക്ക് ആവേശം പകർന്നു. സൂപ്പർ ലീഗിൽ അടുത്ത കളി 23ന് തിരുവനന്തപുരത്താണ്. തൃശൂർ മാജിക് എഫ്സി തിരുവനന്തപുരം കൊമ്പൻസിനെ നേരിടും.









0 comments