ജൂനിയറിന്റെ സ്പൈക്സ്, സീനിയറിന്റെ ഗോൾഡൻ റൺ

ആദിത്യൻ രതീഷും ടി വി ആദിത്യനും
കൊച്ചി
കീരംപാറ സെന്റ് സ്റ്റീഫൻസ് എച്ച്എസിലെ പ്ലസ്വൺ വിദ്യാർഥി ആദിത്യൻ രതീഷിന്റെ സ്വപ്നങ്ങള് പരിക്ക് തട്ടിയകറ്റിയപ്പോള് തന്റെ സ്പൈക്കുകൾ സീനിയറായ ടി വി ആദിത്യന് നൽകി. ജൂനിയറിന്റെ കരുതല് സീനിയറിന്റെ കുതിപ്പിന് കരുത്തായപ്പോൾ ടി വി ആദിത്യൻ നേടിയതാകട്ടെ ഇരട്ടപ്പൊന്ന്. സീനിയർ ആൺകുട്ടികളുടെ 1500, 3000 മീറ്റർ മത്സരങ്ങളിലാണ് എംഎ കോളേജ് സ്പോർട്സ് ഹോസ്റ്റലിനായി മത്സരിച്ച ഇടുക്കി വെൺമണി സ്വദേശി സ്വർണം നേടിയത്.
കേടുപറ്റിയ പഴയ സ്പൈക്സ് ഉപയോഗിച്ചായിരുന്നു ടി വി ആദിത്യന്റെ പരിശീലനം. ഇതിട്ട് മത്സരിക്കാൻ തയ്യാറെടുക്കവെയാണ്, പരിശീലനത്തിനിടെ പരിക്കുപറ്റി മത്സരത്തിൽനിന്ന് പിന്മാറിയ ആദിത്യൻ രതീഷ് സമ്മാനമായി ലഭിച്ച സ്പൈക്സ് ആത്മസുഹൃത്തിന് നൽകിയത്.
കഴിഞ്ഞവർഷം 3000 മീറ്റർ ഓട്ടത്തിനിടെയാണ് ടി വി ആദിത്യന്റെ സ്പൈക്സിന് കേടുപറ്റിയത്. എന്നിട്ടും 3000 മീറ്ററിൽ സ്വർണവും 1500 മീറ്ററിൽ വെള്ളിയും ക്രോസ്കൺട്രിയിൽ വെങ്കലവും ടി വി ആദിത്യൻ സ്വന്തമാക്കി. തിങ്കളാഴ്ച ക്രോസ്കൺട്രിയിലും മത്സരിക്കുന്നുണ്ട്. കൂലിപ്പണിക്കാരനായ തൈനിശേരി വിജിൻസിന്റെയും സുമയുടെയും മകനാണ് ടി വി ആദിത്യൻ. ചെന്നൈയിൽ ബാങ്ക് ഉദ്യോഗസ്ഥനായ രതീഷിന്റെയും രാഖിയുടെയും മകനാണ് ആദിത്യൻ രതീഷ്.








0 comments