ഒഴിവായത് വൻ ദുരന്തം
ഡ്രൈവർമാർക്ക് നിർബന്ധിത ഓവർഡ്യൂട്ടി; എക്സിക്യൂട്ടീവ് ബസ് ഡിവൈഡറിൽ ഇടിച്ചു

തിരുവനന്തപുരം
ഗുരുവായൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ പ്രീമിയം ‘എക്സിക്യൂട്ടീവ് ബിസിനസ് ക്ലാസ്' വോൾവോ ബസ് ദേശീയപാതയിലെ ബാരിക്കേഡിലേക്ക് ഇടിച്ചുകയറി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഞായർ പുലർച്ചെ 4.30ന് കായംകുളം- ഭാഗത്തായിരുന്നു അപകടം. തുടർച്ചയായി അഞ്ചാം ദിവസവും താൽക്കാലിക ഡ്രൈവറായ ശരത് കൃഷ്ണന് വിശ്രമമില്ലാതെ ഡ്യൂട്ടി നൽകുകയായിരുന്നു. ഡ്രൈവർമാരെക്കൊണ്ട് ചട്ടവിരുദ്ധമായി തുടർച്ചയായ ദിവസങ്ങളിൽ വിശ്രമമില്ലാതെ ഓവർഡ്യൂട്ടി ചെയ്യിപ്പിച്ച കെഎസ്ആർടിസി അധികൃതരുടെ ക്രൂരതയാണ് അപകടത്തിലേക്ക് നയിച്ചത്. ബസിന്റെ മുൻഭാഗത്തെ വിൻഡ്ഷീൽഡ് ഗ്ലാസും ബോഡിയും പൂർണമായി തകർന്നു. സ്റ്റിയറിങ് നെഞ്ചിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റെന്നാണ് വിവരം. തിങ്കൾ മുതൽ വെള്ളിവരെയുള്ള തിരുവനന്തപുരം–- എറണാകുളം സർവീസുകൾക്ക് പിന്നാലെ ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ സർവീസ് കൂടി ഈ ഡ്രൈവർക്ക് നൽകി. രാത്രി വൈകി ഗുരുവായൂർ സർവീസ് കഴിഞ്ഞ് ഉറക്കമില്ലാതെ പുലർച്ചെ വീണ്ടും ബസുമായി റോഡിലിറങ്ങേണ്ടി വന്നതോടെ കടുത്ത ക്ഷീണത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കോടികൾ മുടക്കി വാങ്ങിയ രണ്ട് ബിസിനസ് ക്ലാസ് ബസുകൾ യുഡിഎഫ് സർക്കാർ മാസങ്ങളോളം ഗ്യാരേജിൽ ഒതുക്കിയിട്ടിരുന്നതാണ്. പ്രതിഷേധം ശക്തമായപ്പോൾ ‘എക്സിക്യൂട്ടീവ് ക്ലാസാക്കി' പേരുമാറ്റി രണ്ട് മാസം മുമ്പ് പുറത്തിറക്കി. കൃത്യമായ ഡ്യൂട്ടി വിന്യാസമോ വിശ്രമമോ നൽകാതെ ജീവനക്കാരെയും അതുവഴി യാത്രക്കാരെയും റോഡിലൂടെ പോകുന്ന മറ്റുള്ളവരെയും മരണത്തിലേക്ക് തള്ളിവിടുകയാണ്. ബസ് തകർന്നതോടെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പ്രീമിയം സർവീസിന് പകരം സൂപ്പർഫാസ്റ്റ് ബസ് നൽകിയത് ഡിപ്പോകളിൽ വലിയ ജനരോഷത്തിനും ഇടയാക്കി.








0 comments