print edition ‘റിയൽ ഗെയിം ചെയ്‌ഞ്ചർ’

മുഹമ്മദ് സിനാൻ
അജിൻ ജി രാജ്
Published on Dec 16, 2025, 12:57 AM | 1 min read
കോഴിക്കോട് : എവിടെയായിരുന്നു ഇത്രയും കാലം! മുഹമ്മദ് സിനാനോട് ആരാധകരുടെ ചോദ്യമാണ്. സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ കണ്ണൂർ വാരിയേഴ്‌സിന് അപ്രതീക്ഷിതമായി വീണുകിട്ടിയ താരമാണ് ഇരുപത്തൊന്നുകാരൻ. ആദ്യ ഫൈനലിലേക്ക് കണ്ണൂരിനെ കൈപിടിച്ചുയർത്തിയത് ഇൗ വിങ്ങറാണ്. സെമിയിൽ കാലിക്കറ്റ് എഫ്‌സിക്കെതിരായ വിജയഗോൾ ഉൾപ്പെടെ നാല് ഗോൾ നേടി. രണ്ടെണ്ണത്തിന് വഴിയൊരുക്കി.
സൂപ്പർ ലീഗിലെ സൂപ്പർ താരമായുള്ള സിനാന്റെ യാത്രയാരു സൂപ്പർകഥയാണ്.
അഞ്ചുമാസം മുമ്പ് കണ്ണൂരിലെ തെരുവുകളിൽ പന്തുതട്ടി നടന്ന ചെറുപ്പക്കാരൻ യാദൃശ്ചികമായാണ് ടീമിലെത്തുന്നത്. മികവുള്ള തദ്ദേശീയ താരങ്ങളെ കണ്ടെത്താനുള്ള ‘ഗെയിം ചെയ്‌ഞ്ചര്‍’ പദ്ധതിയുടെ ഭാഗമായി നടന്ന സെലക്ഷൻ ട്രയൽസിൽ കളികണ്ട കണ്ണൂർ സഹപരിശീലകൻ ഷഫീഖ് ഹസൻ സീനിയർ ക്യാമ്പിലേക്ക് വിളിപ്പിച്ചു. മുഖ്യപരിശീലകൻ സ്‌പാനിഷുകാരൻ മാനുവൽ സാഞ്ചസ് മുറിയാസും യുവതാരത്തിന്റെ പ്രകടനത്തിൽ തൃപ്‌തനായി. പിന്നെ വൈകിയില്ല. ഒൗദ്യോഗിക കരാറിലെത്തി. തുടക്കം പകരക്കാരനായാണ് കളത്തിലെത്തിയത്. പിന്നാലെ കണ്ണൂരിന്റെ തുരുപ്പുചീട്ടായി മാറി. പത്ത് കളിയിൽ 15 അവസരങ്ങൾ സൃഷ്ടിച്ചു. എട്ട് തവണ ലക്ഷ്യത്തിലേക്ക് പന്തയച്ചു.
മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ പ്രാപ്‌തനാണ്. വേഗമാണ് കരുത്ത്. ഇരുകാലും ഉപയോഗിക്കാൻ മിടുക്കനാണ്.
കണ്ണൂർ കക്കാട് സ്വദേശിയായ സിനാൻ ഏഴാം ക്ലാസിലാണ് കളി കാര്യമാക്കി തുടങ്ങിയത്. ഇന്ത്യന്‍ മുൻ ക്യാപ്‌റ്റൻ കെ വി ധനേഷിന്റെ കെവി സോക്കര്‍ അക്കാദമിയില്‍ ചേർന്നു. ജില്ലാ ലീഗില്‍ കണ്ണൂര്‍ യുണൈറ്റഡിന് കളിച്ചിട്ടുണ്ട്. യെനെപോയ സര്‍വകലാശാലയുടെയും എഫ് സി മാംഗ്ലൂരിന്റെയും താരമാണ്. മംഗലാപുരം യെനപോയ സർവകലാശാലയിൽ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ്. കണ്ണൂര്‍ മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിയായ കെ മുഹമ്മദ് സലീമിന്റെ മകനാണ്. മാതാവ് എ പി സഹനാസ്.









0 comments