ad
Deshabhimani

സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോൾ ഫൈനൽ കണ്ണൂർ വാരിയേഴ്‌സ്‌ x തൃശൂർ മാജിക്‌ എഫ്‌സി

print edition പടക്കളത്തിൽ ഇന്ദ്രജാലം

Super League Kerala

സൂപ്പർ ലീഗ് ട്രോഫിക്കരികെ കണ്ണൂർ ക്യാപ്റ്റൻ അഡ്രിയാൻ സർഡിനെറോയും (ഇടത്ത്) 
തൃശൂർ നായകൻ മെയ്‌ൽസൺ ആൽവസും / ഫോട്ടോ: പി ദിലീപ്കുമാർ

avatar
അജിൻ ജി രാജ്‌

Published on Dec 19, 2025, 12:42 AM | 2 min read


കണ്ണൂർ

അങ്കത്തട്ട്‌ തയ്യാർ. കണ്ണൂരിന്റെ പടയാളികളോ തൃശൂരിന്റെ മായാജാലക്കാരോ എന്ന ചോദ്യത്തിന്‌ ഉത്തരമറിയാൻ മണിക്കൂറുകൾ മാത്രം. സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോൾ രണ്ടാം പതിപ്പിന്റെ ഫൈനലിൽ കണ്ണൂർ വാരിയേഴ്‌സ്‌ തൃശൂർ മാജിക്‌ എഫ്‌സിയെ നേരിടും. ഇന്ന്‌ രാത്രി ഏഴരയ്‌ക്ക്‌ കണ്ണൂരിലെ ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയമാണ്‌ വേദി. ലീഗ്‌ ഘട്ടത്തിൽ ഇരുടീമുകളും രണ്ടുവട്ടം ഏറ്റുമുട്ടിയിരുന്നു. ഒരെണ്ണം സമനിലയായപ്പോൾ മറ്റൊന്നിൽ കണ്ണൂർ രണ്ട്‌ ഗോളിന്‌ ജയിച്ചു.


സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ്‌ എഫ്‌സിയെ ഒറ്റ ഗോളിന്‌ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്‌ ആതിഥേയർ. തൃശൂരാകട്ടെ മലപ്പുറം എഫ്‌സിയെ 3–1ന്‌ തരിപ്പണമാക്കി. ആദ്യ കിരീടമാണ്‌ ഇരുടീമുകളുടെയും ലക്ഷ്യം.

പ്രാഥമികറ‍ൗണ്ടിൽ ഒരുഘട്ടം മങ്ങിയ കണ്ണൂർ പതിയെ ഫോം വീണ്ടെടുക്കുകയായിരുന്നു. പ്രതിരോധത്തിലെ വിള്ളലുകൾ അടച്ചാണ്‌ വരവ്‌. അവസാന രണ്ട്‌ കളിയിൽ ഗോൾ വഴങ്ങിയില്ല. 11 കളിയിൽ 14 ഗോളടിച്ചപ്പോൾ പതിനഞ്ചെണ്ണം വഴങ്ങി. സ്‌പാനിഷ്‌ കോച്ച്‌ മാനുവൽ സാഞ്ചസിന്‌ കീഴിൽ ആക്രമണശൈലിക്കാണ്‌ മുൻതൂക്കം നൽകുന്നത്‌.


kannur
കണ്ണൂർ വാരിയേഴ്സ‍് താരങ്ങൾ പരിശീലനത്തിൽ / ഫോട്ടോ: സുമേഷ് കോടിയത്ത്


പ്രതിരോധം ഉറപ്പിച്ച്‌, മധ്യനിരയിൽ ആധിപത്യം നേടി മുന്നേറ്റനിരയ്‌ക്ക്‌ പന്തെത്തിക്കുകയെന്നതാണ്‌ രീതി. മുന്നേറ്റത്തിൽ ക്യാപ്‌റ്റനും സ്‌പാനിഷുകാരനുമായ അഡ്രിയാൻ സർഡിനെറോ പരിക്കേറ്റ്‌ കളിക്കാത്തത്‌ തിരിച്ചടിയാണ്‌. പ്രതിരോധത്തിൽ വികാസും കളിക്കില്ല. പകരം ടി കെ അശ്വിൻകുമാർ എത്തും. നാല്‌ ഗോളും രണ്ട്‌ അവസരങ്ങളുമൊരുക്കിയ വിങ്ങർ മുഹമ്മദ്‌ സിനാനാണ്‌ കണ്ണൂരിന്റെ തുരുപ്പുചീട്ട്‌. അസിയെർ ഗോമസ്‌, എർണെസ്റ്റൻ ലാവ്‌സാംബ, നികോളാസ്‌ ഡെൽമൊന്റെ, കീൻ ലൂയിസ്‌ എന്നിവരും പ്രധാനികളാണ്‌. എം ഷഫീഖ്‌ ഹസനാണ്‌ സഹപരിശീലകൻ.


thrissur
തൃശൂർ മാജിക് എഫ്സി ടീം പരിശീലനത്തിൽ


ലീഗിൽ ഏറ്റവും സ്ഥിരത കാട്ടിയ സംഘമാണ്‌ റഷ്യക്കാരൻ ആന്ദ്രെ ചെർണിഷോവ്‌ പരിശീലിപ്പിക്കുന്ന തൃശൂർ. പ്രതിരോധത്തിലൂന്നി കളി പിടിക്കുക എന്നതാണ്‌ രീതി. 11 കളിയിൽ 11 ഗോളടിച്ചപ്പോൾ വഴങ്ങിയത്‌ എട്ടെണ്ണം മാത്രം. എല്ലാ നിരയിലും മികച്ച താരങ്ങളാണ്‌. പ്രതിരോധത്തിൽ ക്യാപ്‌റ്റനും ബ്രസീലുകാരനുമായ മെയ്‌ൽസൺ ആൽവസ്‌, മധ്യനിരയിൽ ലെനി റോഡ്രിഗസ്‌, മുന്നേറ്റത്തിൽ മാർകസ്‌ ജോസഫ്‌ എന്നീ ത്രയമാണ്‌ കരുത്ത്‌. സെമിയിൽ ഹാട്രിക്‌ നേടിയ മാർകസ്‌ അപകടകാരിയാണ്‌. ബിബിൻ അജയൻ, തേജസ്‌ കൃഷ്ണ, നവീൺ കൃഷ്‌ണ എന്നീ മലയാളി താരങ്ങളും മികച്ച പ്രകടനമാണ്‌ നടത്തുന്നത്‌. ഇന്ത്യൻ മുൻ ക്യാപ്‌റ്റൻ ജോപോൾ അഞ്ചേരിയാണ്‌ സഹപരിശീലകൻ.


ജേതാക്കൾക്ക് ഒരു കോടി രൂപ

സൂപ്പർ ലീഗ്‌ കേരള ഫുട്ബോൾ ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ. ഒരു കോടി രൂപയും ‘സഹോ’ എന്ന പേരിലറിയപ്പെടുന്ന വെള്ളിയിലുള്ള ആനക്കപ്പും ചാമ്പ്യൻ ടീമിന് ലഭിക്കും. റണ്ണറപ്പിന്‌ 25 ലക്ഷമാണ്‌ പാരിതോഷികം. മികച്ച താരത്തിനും ഗോളടിക്കാരനും ഗോൾകീപ്പർക്കുമെല്ലാം പുരസ്കാരമുണ്ട്.


m





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home