print edition സൂപ്പറാകാൻ പാലക്കാടും ; സൂപ്പർ ലീഗ് കേരള ഫുട്ബോൾ: മാറ്റിവച്ച സെമി 14നും 15നും

അജിൻ ജി രാജ്
Published on Dec 09, 2025, 01:52 AM | 1 min read
കോഴിക്കോട്
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ മൂന്നാം സീസണിൽ ഒരു ടീം കൂടി എത്തുന്നു. പാലക്കാട് ആസ്ഥാനമായാണ് പുതിയ ടീം. ഇതോടെ ആകെ ടീമുകളുടെ എണ്ണം ഏഴാകും. രണ്ട് സീസണായി ആറ് ടീമുകളാണ് കളിക്കുന്നത്. ആറ് വേദികളുമുണ്ട്. പാലക്കാട് എത്തുന്നതോടെ ഏഴിടങ്ങളിലായി കളി നടക്കും. ഇതിനിടയിൽ കാസർകോടും കോട്ടയവും കേന്ദ്രീകരിച്ച് ടീമുകൾ രൂപീകരിക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്.
ആദ്യ പതിപ്പും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം പതിപ്പും വൻ വിജയമായതോടെയാണ് സംഘാടകൾ പുതിയ ടീമുകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ നാല് സ്‌റ്റേഡിയങ്ങളിലായിരുന്നു കളി. ഇത്തവണ എല്ലാ ടീമുകൾക്കും സ്വന്തം വേദിയായി. വലിയ സ്വീകാര്യതയാണ് ആരാധകരിൽനിന്നുണ്ടായത്. പ്രാഥമിക ഘട്ടത്തിലെ മുപ്പത് കളി കാണാൻ മൂന്നര ലക്ഷത്തോളം കാണികളെത്തി. സെമിയും ഫൈനലും ഉൾപ്പെടെ മൂന്ന് കളി ബാക്കിയുമുണ്ട്.
ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറ്റിവച്ച സെമി ഫെെനൽ മത്സരങ്ങളുടെ പുതുക്കിയ തീയതിയായി. തൃശൂർ മാജിക് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള ആദ്യ സെമി 14ന് തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടക്കും. 15നാണ് രണ്ടാം സെമി. നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സി സ്വന്തംതട്ടകത്തിൽ കണ്ണൂർ വാരിയേഴ്‌സിനെ നേരിടും.
ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.









0 comments