കൂടുതൽ കാണികൾ മലപ്പുറത്ത് , മലപ്പുറം എഫ്സി കാലിക്കറ്റ് എഫ്സി കളി കണ്ടത് 22,956 പേർ
print edition ഐഎസ്‌എല്ലും കടന്ന് സൂപ്പർ ലീഗ് കേരള

സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ പുതിയ വേദിയായ കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്റ്റേഡിയം ഗ്യാലറിയിലെ തിരക്ക് / ഫോട്ടോ: പി ദിലീപ്കുമാർ
അജിൻ ജി രാജ്
Published on Nov 12, 2025, 12:16 AM | 2 min read
കോഴിക്കോട്
ഐഎസ്‌എല്ലിനെയും കടത്തിവെട്ടി സൂപ്പർ ലീഗ് കേരള ഫുട്‌ബോളിന്റെ കുതിപ്പ്. ആദ്യ 17 മത്സരങ്ങൾ പൂർത്തിയായപ്പോൾ സ്‌റ്റേഡിയത്തിലെത്തിയത് 220,50 കാണികളാണ്. ശരാശരി 12,944 പേർ. രാജ്യത്തെ ഒന്നാം നമ്പർ ലീഗായ ഐഎസ്‌എല്ലിൽ കഴിഞ്ഞ സീസണിലെത്തിയ ശരാശരി കാണികൾ ഇതിലും കുറവാണ്. 11,870 പേരാണ് കളി കണ്ടത്. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പാണ് ഇത്തവണ. കഴിഞ്ഞ സീസണിൽനിന്ന് വ്യത്യസ്തമായി വേദികളുടെ എണ്ണം നാലിൽനിന്ന് ആറായി ഉയർത്തിയിരുന്നു. മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് ഇതുവരെയും കൂടുതലാളുകളെത്തിയത്. നാല് കളിയിൽ 76,045. കൂടുതലാളുകൾ കണ്ട മത്സരവും പയ്യനാട്ടിലാണ്. മലപ്പുറം എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും തമ്മിലുള്ള മത്സരത്തിന് സാക്ഷിയായത് 22,956 പേരാണ്.
തൃശൂർ കോർപറേഷൻ സ്‌റ്റേഡിയമൊഴികെ മറ്റെല്ലാ വേദികളിലും കളിനടന്നു. പയ്യനാട്ടും കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിലും, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും നാല് വീതം മത്സരം പൂർത്തിയായി. ഇനി ഇവിടെ പ്രാഥമികഘട്ടത്തിൽ ഓരോ മത്സരമാണ് ബാക്കി. സെമിയും ഫൈനലും കോഴിക്കോട്ടാകും നടക്കുക.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ മൂന്നും പുതിയ വേദിയായ കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ രണ്ടും കളി നടന്നു. പുതിയ തട്ടകമായ കണ്ണൂരിൽ ആദ്യ രണ്ട് കളിയിലും വലിയ ജനക്കൂട്ടമാണ് എത്തിയത്. ദീർഘനാളുകൾക്ക് ശേഷമാണ് ഉത്തരമലബാറിലെ പ്രധാന ഫുട്‌ബോൾ പവർഹൗസായിരുന്ന കണ്ണൂരിൽ കളി നടക്കുന്നത്. ഒരു വേദിയിൽ അഞ്ച് മത്സരമാണ്. തൃശൂരിൽ ആദ്യ കളി വെള്ളിയാഴ്‌ച നടക്കും.
നോട്ടമിട്ട് ഐഎസ്‌എൽ ക്ലബുകൾ
സൂപ്പർ ലീഗ് കേരളയിലെ മിന്നുംതാരങ്ങളെ ലക്ഷ്യമിട്ട് ഐഎസ്‌എൽ ക്ലബുകൾ. ഐഎസ്‌എല്ലിന്റെ ഭാവിതന്നെ അനിശ്ചിതത്വത്തിലാണെങ്കിലും പുത്തൻ കളിക്കാരെ റാഞ്ചാൻ ടീമുകൾ സജീവമാണ്.
കേരള ബ്ലാസ്‌റ്റേഴ്‌സ്, പഞ്ചാബ് എഫ്‌സി, ബംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, എസ്‌സി ഡൽഹി തുടങ്ങിയ ക്ലബുകളാണ് സൂപ്പർ ലീഗിലേക്ക് നിരീക്ഷകരെ അയച്ചത്. നേരിട്ട് കളി കണ്ടും സംഘാടകരിൽനിന്ന് വീഡിയോ ശേഖരിച്ചുമാണ് പുതിയ കളിക്കാരെ നോട്ടമിടുന്നത്. അണ്ടർ 23 മലയാളി താരങ്ങളാണ് റഡാറിൽ കൂടുതലും. മികച്ച വിദേശ താരങ്ങളെയും ലക്ഷ്യമിടുന്നു. ഐഎസ്‌എൽ കളിച്ച ആഭ്യന്തര കളിക്കാരുടെ പ്രകടനവും ടീമുകൾ നിരീക്ഷിക്കുന്നുണ്ട്.
ഐഎസ്‌എൽ അല്ലാതെ ഐ ലീഗ് ടീമുകളും കളിക്കാരെ തെരഞ്ഞെടുക്കാൻ നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. ഒന്നുറപ്പാണ് സൂപ്പർ ലീഗിൽ തെളിഞ്ഞാൽ അടുത്ത ഐഎസ്‌എൽ–ഐ ലീഗ് ഫുട്‌ബോളിൽ കളിക്കാം.
വേദി, കാണികൾ
മലപ്പുറം പയ്യനാട്–76,045
കോഴിക്കോട് കോർപറേഷൻ–71,404
കണ്ണൂർ മുനിസിപ്പൽ–36,541
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്--റ്റേഡിയം–21,748
എറണാകുളം മാഹാരാജാസ്–14,312









0 comments