ad
Deshabhimani

സ്‌പാനിഷ്‌ 
സൂപ്പർ കപ്പ്‌ ബാഴ്‌സലോണയ്ക്ക്

print edition ബാഴ്‌സ വാഴ്‌ച

Spanish Super Cup barca fc

സ്--പാനിഷ് സൂപ്പർ കപ്പ് ഗോൾപോസ്റ്റിനുള്ളിൽ വച്ച് ബാഴ്സലോണ താരങ്ങളുടെ വിജയാഘോഷം

വെബ് ഡെസ്ക്

Published on Jan 13, 2026, 12:15 AM | 2 min read

ജിദ്ദ

ബാഴ്‌സലോണയ്‌ക്ക്‌ മുന്നിൽ ഒരിക്കൽകൂടി കീഴടങ്ങി റയൽ മാഡ്രിഡ്‌. സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ റയലിനെ 3–2ന്‌ തോൽപ്പിച്ച്‌ ബാഴ്‌സ കിരീടം നിലനിർത്തി. 16–ാം ട്രോഫിയാണ്‌. ഇ‍ൗ വർഷത്തെ ആദ്യത്തേതും. ഫൈനൽ കഴിഞ്ഞ സീസണിലെ തനിയാവർത്തനമായിരുന്നു. അന്ന്‌ 5–2നായിരുന്നു ഹാൻസി ഫ്ലിക്കിന്റെയും സംഘത്തിന്റെയും ജയം. തോൽവിഭാരം കുറച്ചു എന്നത്‌ മാത്രമാണ്‌ ഇക്കുറി ആശ്വസിക്കാനുള്ളത്‌.


സ്‌പെയ്‌നിലെ അവസാന ആറ്‌ ക്ലാസിക്കോയിൽ അഞ്ചിലും ബാഴ്‌സ ജയംപിടിച്ചു. വിജയികൾക്കായി സൂപ്പർതാരം റഫീന്യ ഇരട്ടഗോൾ നേടി. റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയും ലക്ഷ്യം കണ്ടു. റയലിനായി വിനീഷ്യസ്‌ ജൂനിയറും ഗോൺസാലോ ഗാർഷ്യയും ഗോളടിച്ചു. പരിക്കുസമയം ഫ്രെങ്കി ഡി യോങ്‌ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായതോടെ പത്തുപേരുമായാണ്‌ ബാഴ്‌സ കളി പൂർത്തിയാക്കിയത്‌. അവസാന പത്ത്‌ കളിയിലും ജയിച്ചാണ്‌ ചാമ്പ്യൻമാരുടെ കുതിപ്പ്‌.


സ‍ൗദി അറേബ്യയിലെ ജിദ്ദ കിങ്‌ അബ്‌ദുള്ള സ്‌പോർട്‌സ്‌ സിറ്റി സ്‌റ്റേഡിയത്തിൽ ആവേശകരമായിരുന്നു കലാശക്കളി. പന്തിൽ നിയന്ത്രണം ബാഴ്‌സയ്‌ക്കായിരുന്നെങ്കിലും റയൽ എളുപ്പം കീഴടങ്ങിയില്ല. 29 ശതമാനം മാത്രമേ പന്ത്‌ കാലിലുണ്ടായിരുന്നുവെങ്കിലും എട്ടുതവണ അവർ ബാഴ്‌സ വല ലക്ഷ്യമാക്കി പന്ത്‌ തൊടുത്തു.


കരുത്തുറ്റ ബാഴ്‌സ മുന്നേറ്റനിരയെ കരുതലോടെ നേരിടുക എന്നതായിരുന്നു കോച്ച്‌ സാബി അലോൺസോ താരങ്ങൾക്ക്‌ നൽകിയ നിർദേശം. എന്നാൽ 36–ാം മിനിറ്റിൽ മിന്നുംഗോളിലൂടെ റഫീന്യ ഇ‍ൗ പദ്ധതി പൊളിച്ചു. ഇടവേളയ്‌ക്ക്‌ പിരിയും മുമ്പ്‌ കളി ആവേശമായി. നാല്‌ മിനിറ്റിനിടെ മൂന്ന്‌ ഗോൾ വീണു. ആദ്യം വിനീഷ്യസ്‌ റയലിന്‌ സമനില സമ്മാനിച്ചു. തിരിച്ചടിയായി നിമിഷങ്ങൾക്കകം ലെവൻഡോവ്‌സ്‌കി ബാഴ്‌സയ്‌ക്ക്‌ വീണ്ടും ലീഡ്‌ സമ്മാനിച്ചു. തീർന്നില്ല, ഒരു മിനിറ്റിനുള്ളിൽ ഗാർഷ്യയിലൂടെ രണ്ടാമതും റയൽ ഒപ്പമെത്തി.


2–2 എന്ന തുല്യനിലയിൽ രണ്ടാംപകുതി തുടങ്ങി. ഇരുടീമുകളും മുന്നിലെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. 73–ാം മിനിറ്റിൽ ഡാനി ഒൽമോയുടെ പാസ്‌ സ്വീകരിച്ച്‌ റഫീന്യ ബാഴ്‌സയുടെ വിജയഗോൾ കുറിച്ചു. റയലിനായി പരിക്കേറ്റ്‌ വിശ്രമത്തിലായിരുന്ന കിലിയൻ എംബാപ്പെ പകരക്കാരനായി എത്തിയെങ്കിലും ഫലമുണ്ടായില്ല. കളിയവസാനം എംബാപ്പെയെ വീഴ്‌ത്തിയതിനാണ്‌ ഡി യോങ്‌ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായത്‌. എതിരാളി പത്തുപേരായി ചുരുങ്ങിയെങ്കിലും അത്‌ മുതലാക്കാനുള്ള സമയം റയലിനുണ്ടായിരുന്നില്ല. സ്‌പാനിഷ്‌ ലീഗിലും ബാഴ്‌സയുടെ ആധിപത്യമാണ്‌. ഒന്നാംസ്ഥാനത്ത്‌ റയലിനെക്കാൾ നാല്‌ പോയിന്റ്‌ അധികമുണ്ട്‌.


2011നുശേഷം സൂപ്പർ കപ്പ് തുടർച്ചയായി നേടുന്ന ആദ്യ ക്ലബ്ബാണ്‌ ബാഴ്‌സ. ബാഴ്‌സ തന്നെയായിരുന്നു കിരീടം നിലനിർത്തിയത്‌. പെപ്‌ ഗ്വാർഡിയോളയായിരുന്നു കോച്ച്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home