ad
Deshabhimani

ആദ്യമായി സ്വാഗതമോതി തൃശൂർ

.
വെബ് ഡെസ്ക്

Published on Jul 22, 2026, 12:54 AM | 1 min read

തൃശൂർ

സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾ ഉൾപ്പെടെ ചരിത്ര സമരഭൂമികയായ തൃശൂർ ആദ്യമായി ഇന്ത്യൻ യുവതയുടെ സമര സംഘടനയായ ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിന്‌ വേദിയാകുന്നു. 1980ൽ ഡിവൈഎഫ്‌ഐ രൂപം കൊണ്ടതിനുശേഷം ചോരകിനിയുന്ന നിരവധി പോരാട്ടങ്ങൾക്കാണ്‌ തൃശൂർ സാക്ഷ്യം വഹിച്ചത്‌. 1982ലെ കലക്ടറേറ്റ്‌ മാർച്ചിനുനേരെയുണ്ടായ പൊലീസ്‌ വെടിവയ്‌പ്പും 1986ലെ മന്ത്രിമാരെ തെരുവിൽ തടയൽ സമരവും യുവജനപോരാട്ട ചരിത്രത്തിലെ ചോരകിനിയുന്ന ഏടുകളാണ്‌. പിറന്ന നാടിന്റെ ഐക്യത്തിനായി 1987ൽ തീർത്ത മനുഷ്യച്ചങ്ങല ജില്ലയിൽ മനുഷ്യക്കോട്ടയായി മാറി. ആർഎസ്‌എസ്‌, കോൺഗ്രസ്‌, എൻഡിഎഫ്‌ ക്രിമിനലുകളുടെ കൊലക്കത്തിക്കിരയായി 26 യുവ പോരാളികളുടെ ജീവരക്തം ചാലിച്ചെഴുതിയ പോരാട്ടഗാഥകൾ ഇ‍ൗ മണ്ണിന്‌ പറയാനുണ്ട്‌. ആഗസ്‌ത്‌ 19 മുതൽ 22 വരെയാണ്‌ ഡിവൈഎഫ്ഐ 16–ാം സംസ്ഥാന സമ്മേളനം സാംസ്‌കാരിക നഗരയിൽ നടക്കുന്നത്‌. സമര പോരാട്ടങ്ങൾക്കൊപ്പം കാരുണ്യപ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും ജില്ലയിലെ യുവജനപ്രസ്ഥാനം മുന്നിലാണ്‌. രക്തദാന രംഗത്ത് സംസ്ഥാനത്തെ മികച്ച സംഘടനയായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി തുടർച്ചയായി ഏഴ് വർഷം സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടി. വയനാട് പുനർനിർമാണ പ്രവർത്തനത്തിന്‌​ 1.62 കോടി സമാഹരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക സമാഹരിച്ച ജില്ലാ കമ്മിറ്റികളിലൊന്നായും മാറി. ജനകീയ പങ്കാളിത്തത്തോടെ ‘ഹൃദയപൂർവം’ ക്യാമ്പയിൻ പത്താം വർഷത്തിലേക്ക് കടന്നു. 2017 മെയ് 16 മുതൽ 2026 ജൂലൈ 19വരെ 1,69,90,972 പൊതിച്ചോറുകളും 65,978 യൂണിറ്റ് രക്തവും വിതരണം ചെയ്‌തു. 237 രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ജില്ലയിൽ അഞ്ചരലക്ഷം അംഗങ്ങളാണുള്ളത്‌. 18 ബ്ലോക്ക്‌ കമ്മിറ്റികളും 211 വില്ലേജ്‌, മേഖലാ കമ്മിറ്റികളും 2276 യൂണിറ്റുകളും പ്രവർത്തിക്കുന്നു. സംസ്ഥാന സമ്മേളനത്തിന്‌ വിപുലമായ സംഘാടകസമിതികൾ രൂപീകരിച്ച്‌ പ്രചാരണങ്ങൾ സജീവമാണ്‌. ജില്ല, ബ്ലോക്ക്‌, മേഖല, യൂണിറ്റ്‌ സംഘാടകസമിതികളും രൂപീകരിച്ചു. സമ്മേളനച്ചെലവിലേക്ക്‌ പണം കണ്ടെത്താൻ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ്‌വസ്‌തുക്കൾ ശേഖരിക്കുന്നുണ്ട്‌. സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഗാനരചയിതാവ് ബി കെ ഹരിനാരായണനാണ്‌ ഉദ്ഘാടനം ചെയ്തത്‌. പുസ്‌തകോത്സവത്തിന്‌ ചൊവ്വാഴ്‌ച തുടക്കമായി. 18 ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ പുസ്‌തകോത്സവത്തിന്റെ ഭാഗമായി പ്രഭാഷണങ്ങൾ നടക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home