print edition നീതിതേടി കൊല്ലപ്പെട്ട നാവികരുടെ പ്രിയപ്പെട്ടവർ; തിരിഞ്ഞുനോക്കാതെ കേന്ദ്ര സർക്കാർ

ഹോർമുസില്‍ കൊല്ലപ്പെട്ട ഇന്ത്യൻ നാവികരുടെ ബന്ധുക്കള്‍ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം, വി ശിവദാസന്‍ എംപി എന്നിവര്‍ക്കൊപ്പം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികരുടെ കുടുംബങ്ങളെ തിരിഞ്ഞുനോക്കാതെ കേന്ദ്രസർക്കാർ. അധികൃതർ ബന്ധപ്പെട്ടില്ലെന്നും അങ്ങോട്ട് വിളിച്ച് ചോദിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞതെന്നും കൊല്ലപ്പെട്ട ഹേരംഭ് കർമ്മർക്കറുടെ പിതാവ് വിതുമ്പലോടെ പറഞ്ഞു. ഡൽഹി ബിടിആർ ഭവനിൽ ഫോർവേർഡ് സീമെൻസ് ഓഫ് ഇന്ത്യ (എഫ്‌എസ്‌യുഐ–സിഐടിയു) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് കേന്ദ്രത്തിന്റെ ക്രൂരമായ അവഗണനയ്‌ക്കെതിരെ ബന്ധുക്കൾ പൊട്ടിത്തെറിച്ചത്.
എംവി ജിഎഫ്എസ് ഗാലക്സി കപ്പലിലെ മൂന്നാം എൻജിനീയറായിരുന്നു ഹേംരംഭ്. എംടി സ്‌കൈലൈറ്റ് കപ്പലിലെ ക്രൂഅംഗം ദലീപ് സിങ്, എംടി സെറ്റെബെല്ലോ കപ്പലിലുണ്ടായിരുന്ന ആദിത്യ ശർമ, അതേ കപ്പലിലെ ശിവാനന്ദ് ചൗരസ്യ, അപ്പലിലെ ചീഫ് എൻജിനീയർ പട്നാല സുരേഷ് എന്നിവരുടെ ബന്ധുക്കളാണ് മാധ്യമങ്ങളെ കണ്ടത്. കേന്ദ്രസർക്കാർ അന്താരാഷ്‌ട്ര സംഘടനകളുമായി ചേർന്ന് ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കാൻ നടപടിയെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
നീതി ആവശ്യപ്പെട്ട് പട്നാല സുരേഷിന്റെ ഭാര്യ പൊട്ടിക്കരഞ്ഞു. പതിനയ്യായിരത്തോളം നാവികർ കുടുങ്ങിക്കിടക്കുന്നുവെന്നും അവരെ കേന്ദ്രം അവഗണിക്കുകയാണെന്നും എഫ്‌എസ്‌യുഐ ജനറൽ സെക്രട്ടറി മനോജ് യാദവ് പറഞ്ഞു. ഉപരോധം നേരിടുന്ന കപ്പലുകളിലേയ്‌ക്ക് പോകാൻ ഇന്ത്യൻ നാവിർക്ക് എങ്ങനെയാണ് കേന്ദ്രം അനുമതി നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. നാവികരുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഇതുവരെ 15 പേർ കൊല്ലപ്പെട്ടു.
കേന്ദ്രം അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ധുക്കൾക്ക് ഒരു കോടിരൂപ നഷ്‌ടപരിഹാരം നൽകുക, കുടുംബാംഗത്തിന് സർക്കാർ ജോലി, രക്തസാക്ഷി പദവി നൽകണം, യുഎൻ പരാതി നൽകണം തുടങ്ങിയ ആവശ്യങ്ങളും സിഐടിയു മുന്നോട്ടുവെച്ചു. രാജ്യസഭാംഗം വി ശിവദാസനും പങ്കെടുത്തു.










0 comments