ad
Deshabhimani

print edition സൂപ്പർ 
ക്ലാസികോ ; സൂപ്പർ കപ്പിൽ നാളെ റയൽ x ബാഴ്‌സ ഫെെനൽ

Spanish Super Cup

റയൽ മാഡ്രിഡിന്റെ വാൽവെർദെയും (വലത്ത്) 
ജൂഡ് ബെല്ലിങ്ഹാമും ആഹ്ലാദത്തിൽ

വെബ് ഡെസ്ക്

Published on Jan 10, 2026, 03:23 AM | 1 min read


ജിദ്ദ

പുതുവർഷത്തിലെ ആദ്യ ക്ലാസികോ പോരാട്ടത്തിന്‌ അരങ്ങൊരുങ്ങി. സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ ഫുട്‌ബോൾ കിരീടത്തിനായി റയൽ മാഡ്രിഡും ബാഴ്‌സലോണയും നാളെ ഇറങ്ങും. സ‍ൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന സൂപ്പർ കപ്പിൽ അത്‌ലറ്റികോ മാഡ്രിഡിനെ 2–1ന്‌ വീഴ്‌ത്തിയാണ്‌ റയൽ ഫൈനലിൽ കടന്നത്‌. അത്‌ലറ്റികോ ബിൽബാവോയെ അഞ്ച്‌ ഗോളിന്‌ തകർത്ത്‌ ബാഴ്‌സലോണ കഴിഞ്ഞ ദിവസം കിരീടപ്പോരിനെത്തിയിരുന്നു. ബാഴ്‌സയാണ്‌ നിലവിലെ ചാന്പ്യൻമാർ.


കടുത്ത പോരാട്ടത്തിലാണ്‌ അത്‌ലറ്റികോയ്‌ക്കെിരെ റയൽ ജയം സ്വന്തമാക്കിയത്‌. കളി തുടങ്ങി രണ്ടാം മിനിറ്റിൽ ഫെഡറികോ വാൽവെർദെയുടെ ഫ്രീകിക്ക്‌ ഗോളിൽ റയൽ മുന്നിലെത്തുകയായിരുന്നു. ഇടവേളയ്‌ക്കുശേഷം റോഡ്രിഗോയും ലക്ഷ്യം കണ്ടു. അലെക്‌സാണ്ടർ സൊർലോതിലൂടെ ഒരെണ്ണം അത്‌ലറ്റികോ മടക്കി.


പരിക്കേറ്റ മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെയില്ലാതെയാണ്‌ റയൽ പന്ത്‌ തട്ടിയത്‌. മറുവശത്ത്‌ അത്‌ലറ്റികോ ആക്രമണക്കളി പുറത്തെടുത്തു. 22 തവണയാണ്‌ അവർ അടിതൊടുത്തത്‌. ഒരെണ്ണം മാത്രം വലയിലാക്കാനായി. ജൂലിയൻ അൽവാരെസിനും സൊർലോത്തിനും തുടക്കത്തിൽ കിട്ടിയ അവസരങ്ങൾ മുതലാക്കാനായില്ല.


കളി തുടങ്ങി 77–ാം സെക്കൻഡിൽ റയൽ ലീഡ്‌ നേടി. മുപ്പത്‌വാര ദൂരത്തുനിന്നുള്ള വാൽവെർദെയുടെ ഫ്രീകിക്ക്‌ അത്‌ലറ്റികോ ഗോൾ കീപ്പർ യാൻ ഒബ്ലാക്കിനെ മറികടന്നു. മറുവശത്ത്‌ അൽവാരസിന്റെ ഗോളിലേക്കുള്ള ശ്രമത്തെ റയൽ പ്രതിരോധക്കാരൻ അന്റോണിയോ റൂഡിഗർ തടഞ്ഞു. സ്‌പാനിഷ്‌ ലീഗിൽ തുടർച്ചയായ എട്ട്‌ കളിയിൽ ഗോൾ നേടാനാകാത്ത അർജന്റീനക്കാരന്‌ ഇക്കുറിയും നിരാശയായിരുന്നു ഫലം.


ഇടവേളയ്‌ക്കുശേഷം റയൽ ലീഡുയർത്തി. വാൽവെർദെയുടെ കൃത്യതയാർന്ന പാസ്‌ രണ്ട്‌ പ്രതിരോധക്കാർക്കിടയിൽനിന്ന്‌ പിടിച്ചെടുത്ത റോഡ്രിഗോ മനോഹരമായി ഗോൾ കീപ്പറെയും കീഴടക്കി. അവസാന അഞ്ച്‌ കളിയിൽ മൂന്നാം ഗോളാണ്‌ ബ്രസീലുകാരന്‌. അതേസമയം, മറ്റൊരു ബ്രസീൽ മുന്നേറ്റക്കാരനായ വിനീഷ്യസ്‌ ജൂനിയർ തുടർച്ചയായ 16–ാം കളിയിലും ഗോളില്ലാതെ തിരിച്ചുകയറി. ഹെഡറിലൂടെയാണ്‌ സൊർലോത്‌ അത്‌ലറ്റികോയ്‌ക്കായി ഒരെണ്ണം മടക്കിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home