റയലും ബാഴ്‌സയും അടുത്തയാഴ്‌ച
print edition സ്‌പെയ്‌നിൽ ഇന്ന് പന്തുരുളും; അലാവെസ്–ഗെറ്റഫെ ആദ്യ കളി

ബാഴ്സലോണ താരങ്ങൾ പരിശീലനത്തിൽ | Photo Credit: X/FCBarcelona
മാഡ്രിഡ്: ലോകകപ്പ് ഫുട്‌ബോളിനുശേഷം യൂറോപ്യൻ ക്ലബ്ബുകൾ പോരാട്ടച്ചൂടിലേക്ക്. സ്‌പാനിഷ് ഫുട്‌ബോൾ ലീഗാണ് ആദ്യം തുടങ്ങുന്നത്. ഇന്ന് രാത്രി 11ന് അലാവെസും ഗെറ്റഫെയും ഏറ്റുമുട്ടുന്നതോടെ സീസണിന് തുടക്കമാകും. മറ്റ് ലീഗുകൾ ഇൗ മാസം അവസാനത്തോടെ ആരംഭിക്കും.
റയൽ മാഡ്രിഡും ബാഴ്‌സലോണയും അടുത്തയാഴ്‌ചയാണ് കളത്തിലെത്തുക. ലോകകപ്പിൽ സെമിവരെ കളിച്ച ടീമുകളിലെ പല കളിക്കാരും സ്‌പെയ്‌നിലെ ഏഴ് ക്ലബുകളുടെ ഭാഗമായിരുന്നു. അതിനാൽ കൂടുതൽ സമയം വിശ്രമത്തിനായി ക്ലബുകൾ ആവശ്യപ്പെട്ടു. ലോക ചാന്പ്യൻമാരായ സ്‌പെയ്‌നിന്റെ ലമീൻ യമാൽ, പൗ കുബാർസി, പെഡ്രി, ഗാവി, മാർക് കുകുറെല്ല, ഡാനി ഒൽമോ, മിക്കേൽ ഒയർസബാൽ, ഉനായ് സിമോൺ, അയ്‌മെറിക് ലപോർടെ തുടങ്ങിയവരെല്ലാം സ്‌പാനിഷ് ക്ലബുകൾക്കായാണ് കളിക്കുന്നത്. ഇതിൽ കൂടുതലും ബാഴ്‌സ താരങ്ങളാണ്.
സെമിയിൽ കടന്ന ഫ്രഞ്ച് ടീമിന്റെ ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയും ഇബ്രാഹിമ കൊനാറ്റെയും ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്‌ഹാമും റയൽ മാഡ്രിഡിലുണ്ട്.
ലീഗിൽ ഇക്കുറിയും ബാഴ്‌സ–റയൽ പോരാണ് നടക്കുക. ഹൊസെ മൊറീന്യോയ്‌ക്ക് കീഴിൽ കരുത്തുറ്റ സംഘവുമായാണ് റയൽ വരുന്നത്. കുകുറെല്ല, കൊനാറ്റെ, ബെർണാഡോ സിൽവ, ഡെൻസെൽ ഡംഫ്രിസ് എന്നിവർ ടീമിന്റെ ഭാഗമായി. 22ന് എസ്‌പാന്യോളുമായാണ് ആദ്യ കളി.
മറുവശത്ത്, കിരീടം നിലനിർത്താനാണ് ഹാൻസി ഫ്‌ളിക്കിന്റെ ബാഴ്‌സ ലക്ഷ്യമിടുന്നത്. ചാന്പ്യൻസ് ലീഗും മോഹിക്കുന്നു. ലോക ജേതാക്കളായ യമാലും പെഡ്രിയും കുബാർസിയും ഉൾപ്പെടുന്ന നിരയിലേക്ക് സ്‌പാനിഷ് ക്യാപ്‌റ്റൻ റോഡ്രി കൂടി എത്തുമെന്നാണ് സൂചന. 23ന് എൽഷെയുമായാണ് ആദ്യ കളി.
ദ്യേഗോ സിമിയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റികോ മാഡ്രിഡിന് കഴിഞ്ഞ സീസണിൽ ശോഭിക്കാനായിരുന്നില്ല. ലോകകപ്പ് റണ്ണറപ്പുകളായ അർജന്റീന ടീമിന്റെ പ്രതിരോധക്കാരൻ ക്രിസ്‌റ്റ്യൻ റൊമേറോയെ അത്‌ലറ്റികോ ഇക്കുറി കൂടാരത്തിലെത്തിച്ചു. റയൽ സോസിഡാഡ്, അത്‌ലറ്റികോ ബിൽബാവോ, വിയ്യാറയൽ ടീമുകളും കരുത്തുകാട്ടും.










0 comments