സ്വാതന്ത്യദിനാഘോഷ ചടങ്ങിൽ മുൻനിരയിൽ തൃഷ; വിജയ്ക്ക് സല്യൂട്ട്

പരേഡിനിടെ വിജയ്ക്ക് തൃഷ സല്യൂട്ട് നല്‍കുന്നു
ചെന്നൈ: ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി നടി തൃഷ. മുൻനിരയിൽ മുഖ്യമന്ത്രി വിജയിയുടെ മാതാപിതാക്കൾക്കൊപ്പം ഇരിക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി വിജയ് ദേശീയപതാക ഉയർത്തുന്നതിന് സാക്ഷ്യം വഹിക്കാൻ മഞ്ഞ നിറത്തിലുള്ള സാരി ധരിച്ച് മുല്ലപ്പൂ ചൂടി എത്തിയ തൃഷയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു.
വിജയ് പരേഡിലെത്തിയപ്പോള്‍ ഗാലറിയിലേക്ക് നോക്കി കുടുംബാംഗങ്ങളെയും തൃഷയെയും അഭിവാദ്യം ചെയ്യുന്ന വിജയ്ക്ക് തൃഷയും തിരിച്ച് സല്യൂട്ട് നൽകുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ തരംഗം സൃഷ്ടിക്കുകയാണ്. മെയ് 10-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു. അന്നും മുൻനിരയിലായിരുന്നു താരത്തിന്റെ സാന്നിധ്യം.
അന്ന് വിജയ്‌യുടെ അമ്മ ശോഭാ ചന്ദ്രശേഖറെ തൃഷ സ്നേഹപൂർവ്വം കെട്ടിപ്പിടിച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു. അന്നും ഇന്നും മുഖ്യമന്ത്രിയുടെ കുടുംബത്തോടൊപ്പം തൃഷയെ കണ്ടത് ആരാധകരിലും കൗതുകമുണർത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചടങ്ങുകളിൽ വിജയിയുടെ കുടുംബത്തോടൊപ്പം തുടർച്ചയായി തൃഷ എത്തുന്നത് പുതിയ മാനങ്ങൾക്ക് വഴിവെയ്ക്കുന്നു. വർഷങ്ങളായുള്ള ഇവരുടെ സൗഹൃദം തമിഴ് സിനിമയിലും പൊതുരംഗത്തും സജീവ ചർച്ചാവിഷയമായി തുടരുകയാണ്.









0 comments