ലഹരി മാഫിയയെ സംരക്ഷിക്കുന്നതിനിടെ, ലഹരിയെ പടിയിറക്കണമെന്ന് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് നടത്തിയ സ്വാതന്ത്ര്യ ദിന സന്ദേശ പ്രസംഗത്തിലെ ചില പരാമർശങ്ങൾ മുഖ്യമന്ത്രിയേയും യുഡഎഫ് സർക്കാരനേയും തന്നെ ചോദ്യമുനയിൽ നിർത്തുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗമാണെങ്കിലും അദ്ദേഹം പരാമർശിച്ച പല മേഖലകളിലും സർക്കാർ അമ്പേ പരാജയമാണെന്നത് അധികാരത്തിലേറി മാസങ്ങൾക്കുള്ളിൽ കാണാനായി
ലഹരിയെ ചെറുത്ത് തോൽപ്പിക്കണമെന്നും വിദ്യാഭ്യാസ ആരോഗ്യ രംഗം മെച്ചപ്പെടണമെന്നതുമാണ് ഈ സർക്കാരിന്റ മുൻഗണന വിഷയമെന്ന് സ്വതന്ത്ര്യ ദിന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത് മുതൽ ഏറ്റവും നിരുത്തരവാദപരമായി പ്രവർത്തിച്ച രണ്ട് വകുപ്പുകളായിരുന്നു വിദ്യാഭ്യാസവും ആരോഗ്യരംഗവും. ആരോഗ്യ മേഖലയിൽ നിരവധി പ്രതിസന്ധികളാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ സൃഷ്ടിച്ചത്. ഏറ്റവും അവസാനമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതമയമാക്കാൻ പാത്തോളജി വിഭാഗം ചികിത്സകൾക്ക് പണം ഏർപ്പെടുത്താനുള്ള ശ്രമവും സർക്കാരിൽ നിന്നമുണ്ടായി. ഡിവെെഎഫ്ഐ നടത്തിയ ശക്തമായ സമരത്തോടെയാണ് ഇത് അവസാനിച്ചത്
ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ലാത്തതും മരുന്ന് മാറി ചികിത്സ നടത്തുന്നതും വൈദ്യുതി ഇല്ലാതെ ശസ്ത്രക്രിയ മുടങ്ങുന്നതുമടക്കം നിരവധി സംഭവങ്ങൾ ഇതിനകം വാർത്തയായി. ഏറ്റവും താഴെക്കിടയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾതൊട്ട് ഇല്ലായ്‌മകളുടെ പരാതികൾ ഉയരുന്നു. മരുന്നുകളുടെ അഭാവത്തോടൊപ്പം വേണ്ടത്ര ജീവനക്കാരും ഡോക്ടർമാരും ഇല്ലാത്തതിന്റെ ആക്ഷേപങ്ങളുമുണ്ട്. സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നതിനിടെയായിരുന്നു ആരോഗ്യവകുപ്പിലെ ജീവനക്കാർക്കെതിരെ പ്രതികാരനടപടിയുമായി മന്ത്രി മുന്നിട്ടിറങ്ങിയത്. രോഗപ്രതിരോധത്തിനായിരുന്നില്ല മുൻഗണന. ആരോഗ്യവകുപ്പ് ഡയറക്ടർക്കെതിരെ നടപടിയെടുത്താണ് ഇതിന് തുടക്കംകുറിച്ചത്. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചായിരുന്നു നടപടിയെന്ന് പിന്നീട് തെളിവുകൾ സഹിതം പുറത്തുവന്നു. എന്നിട്ടും ജീവനക്കാർക്കുനേരെ ഭീഷണിയും പ്രതികാരനടപടി തുടരുമെന്ന പരസ്യപ്രഖ്യാപനവുമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിന് ആക്കംകൂട്ടുന്ന വിധത്തിൽ നടപടികളുമുണ്ടായി. ഇത് ഈ മേഖലയിൽ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. ദൈനംദിനപ്രവർത്തനങ്ങളെയും ഇത് ദോഷകരമായി ബാധിച്ചു.
മറുവശത്ത് വിദ്യാഭ്യാസ രംഗത്ത് എൽഡിഎഫ് സർക്കാർ പടുത്തുയർത്തിയതിനെ മുഴുവൻ തകിടം മറിക്കുന്നതാണ് യുഡിഎഫിന്റെ രീതികൾ. ആവശ്യത്തിന് ക്ലാസുകൾ പോലും നടത്താതെ മഴക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞ വിദ്യാർഥികൾക്ക് ഓണപ്പരീക്ഷ നടത്താൻ മുതിരുകയായിരുന്നു സർക്കാർ. പഠിക്കാനായുള്ള പാഠപുസ്തകങ്ങൾ പോലും അടുത്തിടെയാണ് വിദ്യാർഥികൾക്ക് ലഭിച്ചത്. വിദ്യാർഥികൾക്ക് ഓണാഘോഷത്തിന് പോലും അവസരം നൽകാതെ കേവലം ചുരുങ്ങിയ ദിവസം മാത്രം ക്ലാസ് നടത്തി പരീക്ഷയിലേക്ക് കടക്കുകയായിരുന്നു.
സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകർ പോയതും പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത അവസ്ഥയുണ്ടാക്കി. ഇതിനാലൊക്കെ തന്നെ പരീക്ഷ നടത്തരുതെന്ന് രക്ഷിതാക്കൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും കേൾക്കാൻ സർക്കാർ തയ്യാറായില്ല. ലഹരിയെ ചെറുത്ത് തോൽപ്പിക്കണമെന്നതായിരുന്നു മൂന്നാമത്തെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനം. ലഹരി മാഫിയകളോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും അവരുടെ ഫോൺ കോൾ പരിശോധിക്കുന്നതിൽ നിന്നും പൊലീസിനെ തടയുകയും ചെയ്യുന്ന സാക്ഷാൽ മുഖ്യമന്ത്രിയാണ് ലഹരിക്കെതിരെ പൊരുതണമെന്ന് കേരളത്തോട് ആവശ്യപ്പെടുന്നത് എന്നതാണ് ഇതിൽ ഏറ്റവും വലിയ വെെരുദ്ധ്യം









0 comments