'ബലികുടീരങ്ങളേ... സ്മരണകളിരമ്പും രണസ്മാരകങ്ങളേ'; വീരസ്മരണകൾക്ക് 69 വയസ്

മലയാള മണ്ണിൽ വിപ്ലവത്തിന്റെ ആവേശമുണർത്തുന്ന 'ബലികുടീരങ്ങളേ'യ്ക്ക് 69 വയസ്. ഓർമകൾക്ക് പഴകും തോറും വീര്യം കൂടുമെന്ന് പറയുന്നതുപോലെയാണ് ബലികുടീരങ്ങളെ എന്ന ഗാനവും. ഗാനത്തിന്റെ ആദ്യ അവതരണം 1957 ആഗസ്ത് 14നായിരുന്നു. ശിപായി ലഹള എന്നറിയപ്പെടുന്ന 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നിർമിച്ച പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഗാനം ആദ്യം ആലപിക്കുന്നത്.
പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു ഗാനം എഴുതണമെന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടാണ് കവി വയലാർ രാമവർമയോട് ആവശ്യപ്പെട്ടത്. കോട്ടയത്തെ ബെസ്‌റ്റോട്ടലിന്റെ ഏഴാം നമ്പർ മുറിയിലിരുന്ന് വയലാർ വീരസ്മരണകൾ തുളുമ്പുന്ന ആ വരികൾക്ക് തൂലിക ചലിപ്പിച്ചു. ജി ദേവരാജൻ എന്ന ദേവരാജൻ മാസ്റ്റർ വരികൾ ചിട്ടപ്പെടുത്തി ഈണമിട്ടു. അങ്ങനെയാണ് ജനകോടികൾ ഏറ്റുപാടിയ ആ വിപ്ലവ ഗാനം പിറന്നത്.
1957ൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 100ാം വാർഷികത്തിൽ തിരുവനന്തപുരം വിജെടി ഹാളിൽ (ഇന്ന് അയ്യൻകാളി ഹാൾ) ആണ് ‘ബലികുടീരങ്ങളെ’ ആദ്യം പാടിയത്. അന്ന് വിജെടി ഹാളിലെ സമ്മേളനത്തിൽ ഈ ഗാനം അറുപത് പേർ ഒന്നിച്ചാണ് പാടിയത്. കെഎസ് ജോർജ്, കെപിഎസി സുലോചന, എൽപിആർ വർമ, സിഒ ആന്റോ, കവിയൂർ പൊന്നമ്മ, ജോസ് പ്രകാശ്, കൊടുങ്ങല്ലൂർ ഭാഗീരഥിയമ്മ, സുധർമ, ബിയാട്രീസ്, വിജയകുമാരി, ആന്റണി എലഞ്ഞിക്കൽ എന്നിവർ അതിലുൾപ്പെടുന്നു.
‘വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ നിന്നിതാ പുതിയ പൊൻകൊടി എന്ന വരിയിൽ ചെങ്കൊടി എന്ന് മാറ്റിയായിരുന്നു കെപിഎസി ഗാനം അവതരിപ്പിച്ചത്. അരനൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞിട്ടും സമരസ്മരണകൾ തുളുമ്പുന്ന വയലാറിന്റെ വരികളും ദേവരാജൻ മാസ്റ്ററുടെ സംഗീതവും വിപ്ലവം തളിർക്കുന്ന വീരസ്മരണകളായി മലയാളികളുടെ മനസ്സിൽ ഇന്നും ജ്വലിച്ചുനിൽക്കുന്നു.









0 comments