print edition സ്പാനിഷ് ഫുട്ബോൾ ലീഗ് ; ബാഴ്‌സ വീഴുന്നു

ജിറോണയ്--ക്കെതിരെ പെനൽറ്റി പാഴാക്കിയ ബാഴ്സ താരം ലമീൻ യമാലിന്റെ നിരാശ
മാഡ്രിഡ്
സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ കിരീടത്തിലേക്ക് കുതിച്ചിരുന്ന ബാഴ്‌സലോണയ്‌ക്ക് അടിപതറുന്നു. 12–ാം സ്ഥാനക്കാരായ ജിറോണയോട് 2–1ന് തോറ്റു. ഹാൻസി ഫ്ലിക്കിന്റെയും സംഘത്തിന്റെയും തുടർച്ചയായ രണ്ടാം തോൽവിയാണ്. കിങ്‌സ് കപ്പ് ആദ്യപാദ സെമിയിൽ അത്‌ലറ്റികോ മാഡ്രിഡിനോട് നാല് ഗോളിന് തകർന്നിരുന്നു.
പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ചാണ് ജിറോണ സ്വന്തംതട്ടകത്തിൽ ജയിച്ചുകയറിയത്. പൗ കുർബാസിയിലൂടെ ബാഴ്‌സ മുന്നിലെത്തി. എന്നാൽ തോമസ് ലെമറും ഫ്രാൻ ബെൽട്രാനും ആതിഥേയർക്കായി ലക്ഷ്യം കണ്ടു. നേരത്തേ ബാഴ്‌സയ്‌ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി സൂപ്പർതാരം ലമീൻ യമാൽ പാഴാക്കിയിരുന്നു.
തോൽവിയോടെ രണ്ടാംസ്ഥാനത്ത് തുടർന്നു ബാഴ്‌സ. 24 മത്സരത്തിൽ 58 പോയിന്റാണ്. ഒന്നാമതുള്ള റയൽ മാഡ്രിഡിന് 60. വിയ്യാറയലാണ് (45) മൂന്നാമത്. ജിറോണക്ക് 12–ാം സ്ഥാനത്ത് 29 പോയിന്റാണ്.
ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷമാണ് മത്സരത്തിന് ചൂടുപിടിച്ചത്. ലീഡ് വഴങ്ങിയശേഷം ജിറോണ നിരന്തരം മുന്നേറി. ബാഴ്‌സയുടെ പ്രതിരോധത്തിലെ വിള്ളലുകൾ കാട്ടുന്നതായിരുന്നു രണ്ട് ഗോളുകളും. ഇരട്ടപ്രഹരത്തിൽ സമ്മർദത്തിലായതോടെ തിരിച്ചുവരാനുള്ള സാധ്യതയും അവസാനിച്ചു. പരിക്കുസമയം ജോയൽ റോക ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ പത്തുപേരുമായാണ് ജിറോണ കളി പൂർത്തിയാക്കിയത്. 22ന് ലെവന്റെയുമായാണ് ബാഴ്‌സയുടെ അടുത്ത പോരാട്ടം.











0 comments