Deshabhimani

print edition ‘റയൽ’ ഇല്ലാതെ 
സ്‌പെയ്‌ൻ

Spain.jpg

ലമീൻ യമാൽ

വെബ് ഡെസ്ക്

Published on May 26, 2026, 01:48 AM | 1 min read

മാഡ്രിഡ്‌: ചരിത്രത്തിലാദ്യമായി റയൽ മാഡ്രിഡ്‌ ക്ലബ്ബിന്റെ താരങ്ങളില്ലാതെ സ്‌പെയ്‌ൻ ലോകകപ്പ്‌ ഫുട്‌ബോളിന്‌. കോച്ച്‌ ലൂയിസ്‌ ഡി ലാ ഫുയന്റെ പ്രഖ്യാപിച്ച 26 അംഗ ടീമിൽ ഒരു റയൽ കളിക്കാരനും ഉൾപ്പെട്ടില്ല. എട്ട്‌ ബാഴ്‌സലോണ കളിക്കാരുണ്ട്‌.


പരിക്കിലുള്ള ബാഴ്‌സ ക‍ൗമാരതാരം ലമീൻ യമാൽ ടീമിലെത്തി. അത്‌ലറ്റികോ ബിൽബാവോ യുവതാരം നിക്കോ വില്യംസും ഉൾപ്പെട്ടു. നിക്കോയ്‌ക്കും പരിക്കുണ്ട്‌. ആദ്യ മത്സരത്തിന്‌ മുന്പുതന്നെ മുഴുവൻ കളിക്കാരും സജ്ജരാകുമെന്ന്‌ കോച്ച്‌ വ്യക്തമാക്കി.


പ്രതിരോധ നിരയിലെ മുതിർന്ന താരം റയലിന്റെ ഡാനി കർവഹാലിനെ 55 അംഗ സാധ്യതാ പട്ടികയിൽപ്പോലും ഫുയന്റെ ഉൾപ്പെടുത്തിയിരുന്നില്ല. പരിക്കായിരുന്നു മുപ്പത്തിനാലുകാരന്‌. പ്രതിരോധത്തിലെ യുവതാരം ഡീൻ ഹുയ്‌സെൻ ലോകകപ്പ്‌ ടീമിലുണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചുവെങ്കിലും ഉൾപ്പെടുത്തിയില്ല.


സന്നാഹ മത്സരങ്ങൾക്കായി ഒന്പത്‌ കളിക്കാരെ കൂടുതലായി ചേർത്തിട്ടുണ്ട്‌. ഇതിൽ റയൽ മുന്നേറ്റക്കാരൻ ഗൊൺസാലോ ഗാർഷ്യയുണ്ട്‌. ബാഴ്‌സയുടെ മാർക്‌ ബെർണലും ഇ‍ൗ പട്ടികയിലാണ്‌.


ഏപ്രിൽ 22ന്‌ ബാഴ്‌സയ്‌ക്കായി കളിക്കുന്പോഴാണ്‌ യമാലിന്‌ പരിക്കേറ്റത്‌. പതിനെട്ടുകാരൻ സീസണിൽ പിന്നെ കളിച്ചില്ല. ഇപ്പോഴും വിശ്രമത്തിലാണ്‌. ലോകകപ്പിന്‌ മുന്പ്‌ ശാരീരികക്ഷമത വീണ്ടെടുക്കുമെന്നാണ്‌ പ്രതീക്ഷ. നിക്കോയ്‌ക്കും പേശീവലിവാണ്‌. പരിക്കുകാരണം ഫെർമിൻ ലോപെസിനെ ഒഴിവാക്കിയിരുന്നു. അത്‌ലറ്റികോ മാഡ്രിഡിന്റെ റോബിൻ ലെ നോർമാൻഡും ടീമിലില്ല.


യുവത്വവും പരിചയ സന്പത്തും സമന്വയിപ്പിച്ച സംഘമാണ്‌ സ്‌പെയ്‌നിന്‌. റോഡ്രി, ഫാബിയാൻ റൂയിസ്‌, മിക്കേൽ ഒയർസബാൽ, അയ്‌മെറിക്‌ ലപോർടെ എന്നിവർക്കൊപ്പം യുവതാരങ്ങളായ പെഡ്രി, ഗാവി, പ‍ൗ കുബാർസി, യെറെമി പിനോ എന്നിവരും പന്ത്‌ തട്ടുന്നു.

ഗ്രൂപ്പ്‌ ‘എച്ച്‌’ൽ ജൂൺ 15ന്‌ കേപ്‌ വെർദെയുമായാണ്‌ ആദ്യ കളി. 21ന്‌ സ‍ൗദി അറേബ്യയെയും 26ന്‌ ഉറുഗ്വേയെയും നേരിടും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home