ad
Deshabhimani

ആഫ്രിക്കൻ ഒച്ച് ശല്യത്തിൽ വലഞ്ഞ്‌ തീരദേശം

കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപം ആഫ്രിക്കൻ ഒച്ചുകൾ നിറഞ്ഞപ്പോൾ
വെബ് ഡെസ്ക്

Published on Jul 19, 2026, 03:00 AM | 1 min read

ബേക്കൽ ആഫ്രിക്കൻ ഒച്ച് ശല്യത്തിൽ പൊറുതിമുട്ടി തീരദേശമേഖല. പാലക്കുന്ന്, പള്ളിക്കര, മീത്തൽ മൗവ്വൽ, കരുവാക്കോട്, മൗവ്വൽ മഖാം സമീപം, പള്ളത്തിൽ, ചിത്താരി, കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ്‌ ഒച്ച് ശല്യം കൂടുതൽ. പകൽച്ചൂടിൽ മാലിന്യങ്ങൾക്കടിയിൽ കൂടുന്ന ഇവ വൈകുന്നേരങ്ങളിൽ വീട്ടുമുറ്റത്തും കടകളിലും കൂട്ടമായെത്തുന്നു. ഉപ്പ് വിതറി നശിപ്പിക്കുന്നുണ്ടെങ്കിലും പ്രയോജനം ചെയ്യുന്നില്ല. ഇത്തവണ വലിയ ഇനം ഒച്ചുകളാണ്‌ കൂടുതലെന്ന് നാട്ടുകാർ പറയുന്നു. ഇവയുടെ സ്രവങ്ങളിൽ കാണുന്ന പരാദവിര മനുഷ്യരുടെ ഉള്ളിൽച്ചെന്നാൽ മസ്തിഷ്കജ്വരത്തിന്‌ കാരണമാകാം. ശരീരത്തിൽ കൊണ്ടാൽ ചൊറിച്ചിൽ അനുഭപെടുന്നതായും നാട്ടുകാർ പറയുന്നു. ഒരുതവണ ഇരുന്നൂറോളം മുട്ടകളിടുന്ന ഇവ ചില്ലറക്കാരല്ല. ആഫ്രിക്കൻ ഒച്ചെന്നും രാക്ഷസ ഒച്ചെന്നും ഇവ അറിയപ്പെടുന്നു. മഴ പെയ്ത് ഭൂമി തണുത്തതോടെയാണ് നാട്ടിലും വീടുകളിലും ഒച്ചിന്റെ വരവ് കൂടിയത്. പച്ചക്കറി ചെടികളും മറ്റ്‌ കാർഷിക വിളകളും ഇവ തിന്നുനശിപ്പിക്കുന്നുമുണ്ട്‌. ഒച്ചുകൾ വീണ കിണറുകൾ ക്ലോറിനേഷൻ നടത്തി ശുദ്ധീകരിക്കുക, ഒച്ചുകളെ നശിപ്പിക്കാൻ നടപടിയെടുക്കുക, ആവശ്യമായ പ്രതിരോധ സാമഗ്രികൾ വിതരണംചെയ്യുക, ബോധവൽക്കരണം നടത്തുക തുടങ്ങിയവ നാട്ടുകാർ ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home