നാട് ചെറുക്കും ആണവ നിലയം ഇവിടെ വേണ്ട

ചെറുവത്തൂർ വൈദ്യുതി പ്രതിസന്ധി മറികടക്കാനെന്ന പേരിൽ ചീമേനിയിൽ ആണവ നിലയം സ്ഥാപിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ നാട് ഒറ്റക്കെട്ടായി രംഗത്ത്. 15 വർഷം മുമ്പ് ചീമേനിയിൽ ആണവ നിലയം സ്ഥാപിക്കാനുള്ള നിർദേശം വന്നപ്പോൾതന്നെ സർക്കാർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അന്ന് ഉപേക്ഷിച്ച പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കാൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നീക്കം തുടങ്ങിയത്. പദ്ധതി തുടങ്ങിയാൽ അത് ജനവാസമേഖലയായ ചീമേനി പ്രദേശത്തെതന്നെ ഇല്ലാതാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പുള്ള സാഹചര്യമല്ല ഇന്നവിടെയുള്ളത്. ജനവാസം വൻതോതിൽ വർധിച്ചു. ചീമേനി ടൗണും പരിസരവും വികസനത്തിന്റെ പാതയിലാണ്. വ്യാപാര സ്ഥാപനങ്ങൾ, തൊഴിലാളികൾ, എൻജിനിയറിങ് കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ആണവനിലയം സ്ഥാപിക്കാൻ സർക്കാർ തയ്യാറായാൽ അത് എന്തുവിലകൊടുത്തും തടയുമെന്ന നിലപാടാണ് നാട്ടുകാർക്കുള്ളത്. ചീമേനിയിൽ അനുവദിച്ച വ്യവസായപാർക്ക് തുടങ്ങാനായി ഒരു നീക്കവും നടത്താതെ മുന്പ് ഉപേക്ഷിച്ച ആണവ നിലയം വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു. കൂടംകുളത്തുള്ള ആണവ നിലയത്തിൽനിന്നുള്ള ആണവ മാലിന്യങ്ങളും ചൂടുള്ള ജലവും കടലിൽ കലരുന്നത് മത്സ്യ സമ്പത്തിനെയും തീരദേശ ജനങ്ങളുടെ ജീവിതത്തെയും ബാധിക്കുന്നുവെന്ന ആശങ്കയും കേരളത്തിൽ നേരത്തേതന്നെ ഉയർന്നതാണ്. ഇൗ വസ്‌തുത നിലനിൽക്കൈയാണ് ചീമേനിയിൽ ആണവ നിലയത്തിനുള്ള നീക്കം തുടങ്ങിയത്. ഉക്രെയിനിലെ ചെർണോബിൽ ആണവ ദുരന്തം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചതാണ്. ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം പോലുള്ളവ ശക്തമായ റേഡിയേഷൻ പുറപ്പെടുവിക്കുന്നവയാണ്. റിയാക്ടറുകളിൽ തകരാർ സംഭവിച്ചാൽ ഈ വികിരണങ്ങൾ അന്തരീക്ഷത്തിലും ജലത്തിലും കലരും.
നീക്കം തടയും
ചീമേനിയിൽ ആണവ നിലയം എന്നത് ചിന്തിക്കാൻപോലും പറ്റാത്തതാണ്. ഒരു നാടിനെതന്നെ ആശങ്കയിലാക്കുന്ന പദ്ധതിയാണത്. ചീമേനിപോലെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്ത് ഇത്തരം പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. എന്ത് വില കൊടുത്തും ഇൗ നീക്കം തടയും. പി പി ബിജു ഓട്ടോ തൊഴിലാളി
സർക്കാർ പിന്മാറണം
ചീമേനി എസ്‌റ്റേറ്റിൽ ഉൾപ്പെടെ നിരവധി തൊഴിലാളികളാണ് ചീമേനിയിലും പരിസര പ്രദേശങ്ങളിലും ദിവസേന എത്തുന്നത്. ആണവനിലയം വന്നാൽ ഭീതിയോടെയല്ലാതെ തൊഴിലെടുക്കാൻ സാധിക്കില്ല. നിലയം സ്ഥാപിക്കാനുള്ള തീമാനത്തിൽനിന്ന് സർക്കാർ പിന്മാറണം. എ കെ രത്‌നാകരൻ റബർ ടാപ്പിങ് തൊഴിലാളി
ജനങ്ങളുടെ ജീവിതം തകർക്കരുത്
നമ്മുളെ നാടിനെ ഇല്ലാതാക്കാനാണ് ആണവ നിലയം ഉണ്ടാക്കുന്നത്. അതിന് വിടില്ല. നമ്മൾ ഒറ്റക്കെട്ടായി സമരം നടത്തും. ഇത്രയുംകാലം ഇല്ലാത്ത ആണവ നിലയം ഇപ്പോൾ എവിടെനിന്നാണ് വന്നത്. കറന്റില്ലെങ്കിൽ അത് ഉണ്ടാക്കാൻ മറ്റ് വഴികൾ കാണണം. അല്ലാതെ ഞങ്ങളുടെ ജീവിതം തകർക്കാനല്ല വരേണ്ടത്. കെ വി വത്സല കർഷകത്തൊഴിലാളി











0 comments