ad
Deshabhimani

ഫുയെന്റെയ്‍ക്ക് ഇത്‌ ‘കുടുംബകാര്യം’

Luis de la Fuente
വെബ് ഡെസ്ക്

Published on Jun 06, 2026, 12:41 AM | 2 min read

ഒത്തുപിടിച്ചാൽ മലയും പോരുമെന്നാണ്‌ സ്‌പാനിഷ്‌ കോച്ച്‌ ലൂയിസ്‌ ഡെ ലാ ഫുയെന്റെയുടെ പക്ഷം. കളിശൈലിക്കും തന്ത്രങ്ങൾക്കും മീതെ ഐക്യവും പരസ്‌പര വിശ്വാസവുമാണ്‌ ചാമ്പ്യൻമാരെ സൃഷ്ടിക്കുന്നതെന്നാണ്‌ അറുപത്തിനാലുകാരൻ പറയുന്നത്‌. ഇ‍ൗ ബോധ്യമാണ്‌ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിലും യൂറോ കപ്പിലും സ്‌പെയ്‌നിന്‌ കിരീടം സമ്മാനിച്ചത്‌. 2022ൽ ചുമതലയേറ്റ ഫുയെന്റെയ്‌ക്ക്‌ കീഴിൽ 41 മത്സരത്തിൽ 30ലും ജയിച്ചു. 9 സമനിലയാണ്‌. തോറ്റത്‌ രണ്ടെണ്ണത്തിൽ മാത്രം. രണ്ട്‌ പ്രധാന ട്രോഫികളും സ്വന്തമാക്കി. 2010ൽ ചാമ്പ്യൻമാരായ സ്‌പാനിഷ്‌ പട രണ്ടാംകിരീടം തേടിയാണ്‌ വരവ്‌. ഇ‍ൗ സാഹചര്യത്തിൽ പരിശീലകൻ സംസാരിക്കുന്നു.


​ടികി ടാകയെ പോലെ വലിയ കളിശൈലി ലോകഫുട്‌ബോളിന്‌ സമ്മാനിച്ച ടീമാണ്‌ സ്‌പെയ്‌ൻ. എന്നാൽ ആ പഴയ കാലമല്ല ഇപ്പോൾ. ഇന്ന്‌ ഇ‍ൗ ടീമിന്റെ മന:ശാസ്‌ത്രം എന്താണ്‌. കളിരീതി എങ്ങനെയാണ്‌?


ഓരോ കാലത്തും വ്യത്യസ്‌തമായ രീതിയാണ്‌ എല്ലാ ടീമുകളും പിന്തുടരുന്നത്‌. അജയ്യമായ ഒരു ശൈലിയും ഇതുവരെയുണ്ടായിട്ടില്ല. ഫുട്‌ബോൾ മാറ്റത്തിന്റേതു കൂടിയാണ്‌. ശൈലിക്കും മറ്റ്‌ തന്ത്രങ്ങൾക്കുമുപരി കൂട്ടായ്‌മയിലാണ്‌ എന്റെ വിശ്വാസം. ടീം കുടുംബമാകണം. ഒരുമയുണ്ടെങ്കിൽ കളത്തിൽ അത്‌ ഗുണം ചെയ്യും. മറ്റ്‌ കാര്യങ്ങൾ യോജിക്കും. അതോടെ വിജയടീമായി മാറും. കളിക്കാരെ അങ്ങനെ സ്വാധീനിക്കാനാണ്‌ ശ്രമിക്കാറുള്ളത്.


​വർഷങ്ങളോളം ദേശീയ യൂത്ത്‌ ടീമുകളുടെ ചുമതലക്കാരനായിരുന്നു. സീനിയർ നിരയുടെ പരിശീലകനായപ്പോൾ അതെത്രത്തോളം സഹായകരമായി?


തീർച്ചയായും. വലിയ മുതൽക്കൂട്ടായിരുന്നു അത്‌. ഇന്ന്‌ ടീമിലുള്ള ഭൂരിഭാഗം കളിക്കാരും എനിക്കൊപ്പമുണ്ടായിരുന്നവരാണ്‌. റോഡ്രി, മൈക്കേൽ മെറീനോ, മൈക്കേൽ ഒയർസബാൽ, ഡാനി ഒൽമോ തുടങ്ങിയ പലരും. എന്റെ രീതികളെ കുറിച്ച്‌ അവർക്ക്‌ നല്ല ധാരണയുണ്ട്‌. ഇത്‌ കൂറേക്കൂടി എളുപ്പമാക്കി. യുവതാരങ്ങൾക്ക്‌ പ്രാധാന്യം നൽകുക എന്നതാണ്‌ എക്കാലവും ചെയ്യാറുള്ളത്. ഇപ്പോഴും അത്‌ തുടരുന്നു. നികൊ വില്യംസ്‌, ലമീൻ യമാൽ എന്നിവരെല്ലം അങ്ങനെ വന്നവരാണ്‌. യൂറോ വിജയത്തിൽ ഇവരുടെ പങ്ക്‌ വലുതായിരുന്നു.


​ലമീൻ യമാലിന്‌ പരിക്കാണ്‌. എന്താണ്‌ നിലവിലെ 
സഹാചര്യം?


ലമീൻ സുഖംപ്രാപിച്ച്‌ വരികയാണ്‌. ചെറിയ രീതിയിൽ പരിശീലനമാരംഭിച്ചു. ആദ്യ കളിക്ക്‌ തന്നെ അവൻ സജ്ജമാകുമെന്നാണ്‌ കരുതുന്നത്‌. പുറത്തുള്ള വാർത്തകളെ വിശ്വസിക്കരുത്. ടീം എല്ലാത്തിനും തയ്യാറാണ്‌.

ലോകകപ്പ്‌ പ്രതീക്ഷകൾ?


ജയത്തിൽ കുറഞ്ഞതൊന്നും ആരും ആഗ്രഹിക്കില്ലല്ലോ. ഒരുമയോടെ സമ്മർദത്തിന്‌ അടിമപ്പെടാതെ മുന്നേറുക എന്നതാണ്‌ കളിക്കാർക്ക്‌ നൽകിയ ഉപദേശം. ഇത്‌ തുടർന്നാൽ കിരീടമുയർത്താം. കളിക്കാരിൽ വിശ്വാസമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home