ad
Deshabhimani

യുഎസ് വിസ നിഷേധിച്ച സോമാലിയൻ റഫറിക്ക് ജന്മനാട്ടിൽ വൻ സ്വീകരണം; ലോകകപ്പ് ശമ്പളം മുഴുവൻ നൽകുമെന്ന് ഫിഫ

OMAR Arthan

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 14, 2026, 03:36 PM | 1 min read

മൊഗാദിഷു: ഭീകരബന്ധം ആരോപിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അവസരം നഷ്ടമായ സോമാലിയൻ റഫറി ഒമർ അർതാന് ടൂർണമെന്റിലെ മുഴുവൻ പ്രതിഫലവും നൽകാൻ ഫിഫ തീരുമാനിച്ചു.


മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുഎസ് ഇമിഗ്രേഷൻ അധികൃതർ 11 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അദ്ദേഹത്തിന്റെ നയതന്ത്ര പാസ്‌പോർട്ടും വിസയും നിരസിച്ച് രാജ്യാന്തര അതിർത്തി കടക്കാൻ അനുവദിക്കാതെ മടക്കിവിട്ടത്.


നിരോധിത ഭീകര സംഘടനയായ 'അൽ ശബാബു'മായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് യുഎസിൽ പ്രവേശനം നിഷേധിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും, തനിക്ക് ഈ സംഘടനയെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് 34-കാരനായ അർതാൻ പ്രതികരിച്ചു


തന്റെ പക്കൽ കൃത്യമായ രേഖകളും വിസയും ഉണ്ടായിരുന്നുവെന്നും, ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പിൽ പങ്കെടുക്കാൻ എത്തിയ ഒരു സാധാരണ റഫറി മാത്രമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ലോകകപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും അർതാന്റെ ശമ്പളം പൂർണ്ണമായും നൽകാൻ ഫിഫ പ്രതിജ്ഞാബദ്ധരാണെന്ന് വിശ്വസനീയമായ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.


ലോകകപ്പ് നഷ്ടമായെങ്കിലും, കരിയറിലെ മികച്ച ഫോമിലുള്ള അർതാന് ഓഗസ്റ്റ് 12-ന് ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടക്കുന്ന പാരീസ് സെന്റ് ഷെർമെയ്ൻ - ആസ്റ്റൺ വില്ല യുവേഫ സൂപ്പർ കപ്പ് മത്സരം നിയന്ത്രിക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.


2025-ലെ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോളിന്റെ മികച്ച പുരുഷ റഫറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ഒരു ഭൂഖണ്ഡാന്തര ടൂർണമെന്റിന്റെ ഫൈനൽ നിയന്ത്രിക്കുന്ന ആദ്യ സോമാലിയൻ റഫറിയാണ്.


ജന്മനാട്ടിൽ എത്തിയ തനിക്ക് വലിയ പിന്തുണ നൽകിയ നാട്ടുകാർക്കും രാജ്യത്തിനും നന്ദി അറിയിച്ച താരം, വരാനിരിക്കുന്ന 2030 ലോകകപ്പിൽ താൻ മത്സരങ്ങൾ നിയന്ത്രിക്കുമെന്നും ഉറപ്പിച്ചു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home