നിർമിത ബുദ്ധി, ഡാറ്റാ അതോറിറ്റി രൂപീകരിച്ച് യുഎഇ

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്: നിർമിത ബുദ്ധി, ഡാറ്റാ ഭരണം, ഡിജിറ്റൽ സർക്കാർ സംവിധാനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനായി പുതിയ ഫെഡറൽ അതോറിറ്റി രൂപീകരിച്ച് യുഎഇ. രാജ്യത്തെ ഡാറ്റാ മാനേജ്മെന്റ്, നിർമിത ബുദ്ധി, ഡിജിറ്റൽ സർക്കാർ സേവനങ്ങൾ എന്നിവയ്ക്കായുള്ള ഏകീകൃത ദേശീയ സംവിധാനമായാണ് ഫെഡറൽ അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ പ്രവർത്തിക്കുക. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ അതോറിറ്റി പ്രഖ്യാപിച്ചത്. മന്ത്രിസഭയ്ക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന അതോറിറ്റിയുടെ ചുമതല, നിർമിത ബുദ്ധി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, വിദൂര തൊഴിൽ ആപ്ലിക്കേഷനുകൾ എന്നിവയ്ക്കായുള്ള സഹമന്ത്രിയായ ഉമർ സുൽത്താൻ അൽ ഒലാമയ്ക്കാണ് നൽകിയിരിക്കുന്നത്.
കൂടുതൽ കാര്യക്ഷമവും വഴക്കമുള്ളതും മുൻകൂട്ടി പ്രവർത്തിക്കുന്നതുമായ സർക്കാർ സംവിധാനമാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭരണനിർവഹണം കൂടുതൽ ഫലപ്രദമാക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകളുടെ പ്രയോജനം വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ നിർമിത ബുദ്ധി ഓഫീസ്, ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയിലെ ഇൻഫർമേഷൻ ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് വിഭാഗം, എമിറേറ്റ്സ് ഡാറ്റാ ഓഫീസ് എന്നിവയുടെ ചുമതലകൾ പുതിയ അതോറിറ്റിയുടെ കീഴിൽ ഏകോപിപ്പിക്കും.
ഏജന്റിക് എഐ അടിസ്ഥാനമാക്കിയ ഏകീകൃത ഡിജിറ്റൽ സർക്കാർ സംവിധാനം രൂപപ്പെടുത്തുക, ദേശീയ നയങ്ങളും നിയമനിർമാണ നിർദേശങ്ങളും തയ്യാറാക്കുക, ഫെഡറൽ-പ്രാദേശിക തലങ്ങളിലെ ഡിജിറ്റൽ പദ്ധതികൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുക എന്നിവ അതോറിറ്റിയുടെ പ്രധാന ചുമതലകളായിരിക്കും. രാജ്യത്തിന്റെ ദേശീയ നിർമിത ബുദ്ധി തന്ത്രത്തിന് നേതൃത്വം നൽകുന്നതിനൊപ്പം ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ജിഡിപിയിലേക്കുള്ള സംഭാവന വർധിപ്പിക്കാനും സർക്കാർ ഡാറ്റയുടെ ഗുണനിലവാരവും ലഭ്യതയും പങ്കുവെക്കലും ഉറപ്പാക്കാനും അതോറിറ്റി പ്രവർത്തിക്കും.
തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സർക്കാർ തീരുമാനങ്ങൾക്കായി നിർമിത ബുദ്ധി അധിഷ്ഠിത ദേശീയ ഡാറ്റാ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുന്നതോടൊപ്പം, ജനകേന്ദ്രിതവും മുൻകൂട്ടി സേവനം നൽകുന്നതുമായ ഡിജിറ്റൽ സേവനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും മേൽനോട്ടം വഹിക്കും. ഡാറ്റാ, നിർമിത ബുദ്ധി, ഡിജിറ്റൽ പരിവർത്തനം, സർക്കാർ സേവനങ്ങൾ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും രൂപീകരിക്കുക, ഫെഡറൽ സ്ഥാപനങ്ങളിലെ നടപ്പാക്കൽ ഉറപ്പാക്കുക, ഗവേഷണ-വികസന പ്രവർത്തനങ്ങളിലൂടെ ദേശീയ ശേഷി വർധിപ്പിക്കുക എന്നിവയും അതോറിറ്റിയുടെ പ്രവർത്തന പരിധിയിൽ ഉൾപ്പെടും.
നിർമിത ബുദ്ധി, ഡാറ്റാ, ഡിജിറ്റൽ സർക്കാർ മേഖലകളിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും സൈബർ സുരക്ഷയും സർക്കാർ വിവരസുരക്ഷയും മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾക്കും അതോറിറ്റി നേതൃത്വം നൽകും. ഡിജിറ്റൽ നവീകരണത്തിന്റെയും സ്മാർട്ട് സർക്കാർ പരിഹാരങ്ങളുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.










0 comments