Deshabhimani

വീണ്ടും അമ്മമാരുടെ ജീവനെടുത്ത് കോട്ട ആശുപത്രി: ഒരാഴ്ചയിൽ 2 മരണം

 Kota hospital

Photo: Indian Express

വെബ് ഡെസ്ക്

Published on Oct 17, 2026, 10:22 PM | 1 min read

ജയ്പുർ: രാജസ്ഥാനിലെ കോട്ട ആശുപത്രിയിൽ വീണ്ടും പ്രസവ ശസ്ത്രക്രിയ്ക്കിടെ സ്ത്രീകൾ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയിൽ രണ്ട് സ്ത്രീകൾ മരിച്ചതായി അധികൃതർ അറിയിച്ചു. 40 കാരിയായ രേഷ്മ എന്നു പേരുള്ള യുവതിയും 30 കാരിയായ അനിത എന്ന മറ്റൊരു യുവതിയുമാണ് മരിച്ചതെന്നാണ് വിവരം. രേഷ്മ വെള്ളിയാഴ്ച രാത്രിയോ‌ടെയും അനിത ശനിയാഴ്ച ഉച്ചയോടെയുമാണ് മരിച്ചത്. ഇരുവരും ഒക്ടോബർ 14 നാണ് പ്രസവ ശസ്ത്രക്രിയക്ക് വിധേയരായത്.


രേഷ്മയുടെ രക്തസമ്മർദവും ഓക്സിജന്റെ അളവും പെട്ടെന്ന് താഴുകയും മൂത്രത്തിന്റെ അളവ് ​ഗുരുതരമായി കുറയുകയും ചെയ്തതിനു പിന്നാലെ രേഷ്മ മരിച്ചു. അനിതയുടെയും മരണം സമാനമായിരുന്നു. ​ഗർഭകാലത്ത് ഉയർന്ന രക്തസമ്മർദം നേരിട്ടിരുന്ന യുവതിയുടെ മൂത്രത്തിന്റെ അളവ് കുറയുകയും രക്തം കാണപ്പെടുകയും പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുത്തനെ താഴുകയുമായിരുന്നുവെന്നാണ് വിവരം. രണ്ട് രോ​ഗികളും നേരത്തെ തന്നെ ​ഗുരുതരാവസ്ഥയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.


എന്നാൽ ഈ വാദങ്ങൾ ശരിയല്ലെന്നും രേഷ്മയെ ശസ്ത്രക്രിയക്കു ശേഷം വാർഡിലേക്ക് മാറ്റിയതിന് പിന്നാലെയും കുത്തിവപ്പ് നൽകിയ ശേഷവും ആരോഗ്യനില വഷളായെന്ന് കുടുംബം പറഞ്ഞു. രേഷ്മയുടെ ശരീരം നീലനിറത്തിലായെന്നും മൂത്രസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെ ഗുരുതരമായ സങ്കീർണതകൾ മരണത്തിന് കാരണമായെന്നും കുടുംബം വ്യക്തമാക്കി. രേഷ്മയുടെ മരണം ചികിത്സാപ്പിഴവു മൂലമാണെന്നും കുടുംബം പറഞ്ഞു.


ആറു മാസം മുൻപ് ഇതേ ആശുപത്രിയിൽ അഞ്ച് സ്ത്രീകൾ പ്രസവത്തിനിടെ മരിച്ചിരുന്നു. സിസേറിയനിലൂടെ പ്രസവിച്ച സ്ത്രീകളുടെ മരണത്തിൽ തെറ്റായ ഓക്സിടോസിൻ ഇഞ്ചക്ഷനാണ് പ്രധാന കാരണമെന്ന സംശയം ആദ്യം ഉയർന്നിരുന്നെങ്കിലും, ആശുപത്രികളിലെ നിരീക്ഷണക്കുറവ്, ചികിത്സാ രേഖകളിലെ വീഴ്ച, ഇൻഫെക്ഷൻ നിയന്ത്രണ സംവിധാനത്തിലെ പോരായ്മകൾ എന്നിവയാണെന്ന് ഡൽഹി എയിംസ് സംഘവും വിദഗ്ധ സമിതിയും നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.


എട്ടംഗ വിദഗ്ധ സമിതി പരിശോധിച്ച റിപ്പോർട്ടിൽ, ഉയർന്ന അപകടസാധ്യതയുള്ള ഗർഭിണികളെ മതിയായ രീതിയിൽ നിരീക്ഷിച്ചില്ലെന്നതാണ് പ്രധാന കണ്ടെത്തൽ. രോഗികളുടെ രക്തസമ്മർദ്ദം, നാഡിമിടിപ്പ്, മൂത്രത്തിന്റെ അളവ്, മരുന്ന് നൽകിയ സമയം, കരൾ പ്രവർത്തന പരിശോധനകൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home