അഭിമന്യു കൊലക്കേസ്; പ്രതികളെ തിരിച്ചറിഞ്ഞ് ദൃക്സാക്ഷികള്

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് ദൃക്സാക്ഷികളുടെയും പ്രാഥമികവിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. വിഗ്ഗ് ധരിച്ച് വേഷം മാറിയെത്തിയിട്ടും നാല് ദൃക്സാക്ഷികള്കൂടി പോപ്പുലർ ഫ്രണ്ട്– ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളെ തിരിച്ചറിഞ്ഞു.
ശനിയാഴ്ച തുടർന്ന വിസ്താരത്തിൽ അഞ്ചുമുതൽ ഏഴുവരെ സാക്ഷികള് ഒന്നാം പ്രതി മുഹമ്മദലിയെ തിരിച്ചറിഞ്ഞു. മുഹമ്മദലി ഇപ്പോള് വിഗ്ഗ് വെച്ചതായി തോന്നുന്നുവെന്ന് സാക്ഷികൾ മൊഴിനല്കി. ഒരേപോലെയുള്ള വെള്ള ഷര്ട്ടും വെള്ള മുണ്ടും ധരിച്ച് ഒരേരൂപത്തില് മുടി വെട്ടിയും താടിരോമങ്ങള് ഷേവ് ചെയ്തുമാണ് പ്രതികള് ഹാജരായത്. സാക്ഷികളെ കുഴപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഒന്നുമുതൽ നാലുവരെ സാക്ഷികളായ സുബിന്, അര്ജുന്, ബോബിന്സ്, രാഹുല് എന്നിവർ കഴിഞ്ഞ ദിവസങ്ങളിലെ വിസ്താരത്തിൽ 16 പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു.
മഹാരാജാസ് കോളേജിൽ നവാഗതരെ സ്വീകരിക്കാന് നടക്കുമ്പോള് കോളേജിലെ വിദ്യാര്ഥിയായ മുഹമ്മദിന്റെ നേതൃത്വത്തില് പുറത്തുനിന്നെത്തിയവര് പ്രശ്നങ്ങള് ഉണ്ടാക്കിയെന്ന് കേസിലെ നാലുമുതൽ ഏഴുവരെ സാക്ഷികളായ രാഹുല്, നന്ദു, രാഹുല്, വിനീത് എന്നിവര് കോടതിയില് മൊഴിനല്കി. കോളേജിന്റെ പിന് ഗേറ്റിന് സമീപം ചുവരെഴുതാന് എസ്എഫ്ഐ വെള്ളപൂശി ഒരുക്കിയ മതിലില് അവര് ക്യാമ്പസ് ഫ്രണ്ടിന് വേണ്ടി ചുവരെഴുതി. ഇത് ചോദ്യം ചെയ്തപ്പോൾ പ്രതികള് ആക്രമിച്ചെന്നും അഭിമന്യു, അര്ജുന്, വിനീത് എന്നിവർക്ക് കുത്തേറ്റുവെന്നും അവർ പറഞ്ഞു.
എസ്എഫ്ഐ പ്രവര്ത്തകര് ബുക്ക് ചെയ്തിരുന്ന മതിലിന്റെയും അതിന് മുകളില് ക്യാമ്പസ് ഫ്രണ്ട് ചുമരെഴുതിയതിന്റെയും ദൃശ്യങ്ങൾ സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ. ജി മോഹന്രാജിന്റെ ആവശ്യപ്രകാരം കോടതി മുറിയില് പ്രദര്ശിപ്പിച്ചു. നാലാം സാക്ഷി രാഹുല് ചിത്രങ്ങള് തിരിച്ചറിഞ്ഞു. അഭിമന്യുവിനും വിനീതിനും കുത്തേല്ക്കുമ്പോള് ധരിച്ച വസ്ത്രങ്ങളും സാക്ഷികളെ ഉപദ്രവിക്കാന് ഉപയോഗിച്ച ഇടിക്കട്ടയും തിരിച്ചറിഞ്ഞു. തുടര്ന്നുളള സാക്ഷിവിസ്താരം 22ന് നടക്കും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്, അഭിമന്യുവിന്റെ സഹോദരന് പരിജിത്ത് മനോഹരനു വേണ്ടി അഡ്വ. കെ എസ് അരുൺകുമാർ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രതികൾക്കായി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള, ഇ എ ഹാരിസ് ഹാജരായി. 156 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കും.








0 comments