വിജയത്തുടർച്ച ലക്ഷ്യം; കേരള ബ്ലാസ്റ്റേഴ്സ് നാളെ കളത്തിൽ, എതിരാളികൾ നോർത്ത് ഈസ്റ്റ്

ഗുവാഹത്തി : ഐഎസ്എല്ലിലെ തങ്ങളുടെ രണ്ടാം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ ഞായർ രാത്രി 7:30നാണ് കിക്ക് ഓഫ്. ആദ്യമത്സരത്തിൽ ഇന്റർ കാശിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ആധികാരിക ജയം നേടിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പോരാട്ടത്തിനെത്തുന്നത്.
ക്യാപ്റ്റൻ വിബിൻ മോഹനനും അരങ്ങേറ്റ താരം ആന്ദ്രെ ഗ്രീനും ലക്ഷ്യം കണ്ട മത്സരത്തിൽ ആന്ദ്രെ ഗ്രീൻ, ജെയിംസ് ബോൾട്ടൺ, നെബോജ്ഷ കൊസോവിച്ച്, മുഹമ്മദ് സനാൻ, മോമോ യാൻസാനെ, പോൾ റാംഫാങ്സൗവ, സുമിത് ശർമ്മ എന്നിവർ അരങ്ങേറിയിരുന്നു. കൊൽക്കത്തയിലെ മൂന്ന് ദിവസത്തെ തീവ്ര പരിശീലനത്തിന് ശേഷമാണ് ടീം ഗുവാഹത്തിയിലെത്തിയത്.
മറുവശത്ത് കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ 1-0 ന് തോൽപ്പിച്ചതിന്റെ കരുത്തിലാണ് ജുവാൻ പെഡ്രോ ബെനാലിയുടെ കീഴിലിറങ്ങുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തുന്നത്. ജിതിൻ എംഎസ്, അലാദ്ദീൻ അജറൈ എന്നിവരുടെ മുന്നേറ്റങ്ങളും പ്രതിരോധത്തിൽ അഷീർ അക്തറും ഗോൾവലയ്ക്ക് മുന്നിൽ ഗുർമീത് സിംഗും അടങ്ങുന്നതാണ് ടീമിന്റെ കരുത്ത്.
സൂപ്പർ ലീഗിൽ ഇതുവരെ 25 തവണയാണ് ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ ഒൻപത് വിജയങ്ങളുമായി മുൻതൂക്കം കേരള ബ്ലാസ്റ്റേഴ്സിനാണ്. ആറ് മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചപ്പോൾ, പത്ത് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. കൊച്ചിയിൽ കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 1-1 എന്ന നിലയിൽ സമനിലയിലാണ് മത്സരം അവസാനിച്ചത്.









0 comments