യുഎഇയിൽ മധ്യാഹ്ന പുറം ജോലികൾക്ക് നാളെ മുതൽ നിരോധനം

Photo Credit: Gulf news
ദുബായ്: യുഎഇയിൽ കടുത്ത വേനൽച്ചൂടിൽ നിന്നുള്ള തൊഴിലാളികളുടെ സംരക്ഷണത്തിനായി മധ്യാഹ്ന പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തുന്നു. തിങ്കളാഴ്ച മുതൽ സെപ്തംബർ 15 വരെയാണ് മധ്യാഹ്ന ജോലി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഈ നിയന്ത്രണം തുടർച്ചയായ 22-ാം വർഷമാണ് യുഎഇ നടപ്പാക്കുന്നത്.
ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3 വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് കർശന വിലക്കുള്ളത്. രാജ്യത്ത് പലയിടങ്ങളിലും വേനൽക്കാല താപനില 45 ഡിഗ്രി സെൽഷ്യസ് കടക്കുന്ന സാഹചര്യത്തിലും, തീരപ്രദേശങ്ങളിൽ കടുത്ത ഈർപ്പം (ഹ്യുമിഡിറ്റി) അനുഭവപ്പെടുന്നതിനാലും തൊഴിലാളികൾക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പൊതുജനങ്ങൾക്കുള്ള അത്യാവശ്യ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ചില പ്രത്യേക ജോലികൾക്ക് നിയന്ത്രണ സമയത്തും ഇളവുകൾ നൽകിയിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാൽ വൈകിപ്പിക്കാൻ കഴിയാത്ത റോഡ് പണികൾ, കോൺക്രീറ്റ് മിക്സിംഗ്/വാർപ്പ് ജോലികൾ എന്നിവയ്ക്ക് ഇളവുണ്ടാകും. ജലവിതരണം, വൈദ്യുതി ലൈനുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലെ അടിയന്തര അറ്റകുറ്റപ്പണികൾക്ക് സമയനിയന്ത്രണം ബാധകമല്ല.
പൊതുഗതാഗതത്തെയും ജനജീവിതത്തെയും ബാധിക്കുന്ന, പ്രത്യേക സർക്കാർ അനുമതി നേടിയെടുത്തിട്ടുള്ള വലിയ പദ്ധതികളുടെ ജോലികൾ ഈ സമയത്തും തുടരാവുന്നതാണ്. ഇളവുകൾ ലഭിച്ച വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി തണലുള്ള വിശ്രമകേന്ദ്രങ്ങളും തണുപ്പിക്കൽ സംവിധാനങ്ങളും കമ്പനികൾ ഒരുക്കണം. ജോലി സ്ഥലങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം, ഒആർഎസ് (ORS) പോലുള്ള ജലാംശം നിലനിർത്തുന്ന സംവിധാനങ്ങൾ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ എന്നിവ നിർബന്ധമായും ലഭ്യമാക്കണമെന്ന് മാനവശേഷി–എമിറേറ്റൈസേഷൻ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.










0 comments