'ലഗാൻ' ഇറങ്ങിയിട്ട് 25 വർഷം: കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന സുവനീർ പങ്കുവെച്ച് ബ്രിട്ടീഷ് നടി റേച്ചൽ ഷെല്ലി

മുംബൈ: ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ 'ലഗാൻ' റിലീസ് ചെയ്തിട്ട് 25 വർഷം തികയുന്ന വേളയിൽ, ചിത്രത്തിലെ നായികയും ബ്രിട്ടീഷ് നടിയുമായ റേച്ചൽ ഷെല്ലി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ സന്ദേശം ശ്രദ്ധേയമാകുന്നു. ആമിർ ഖാൻ നായകനായ ചിത്രത്തിൽ 'എലിസബത്ത് റസ്സൽ' എന്ന കഥാപാത്രത്തെയാണ് റേച്ചൽ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഓർമ്മകളും കാൽ നൂറ്റാണ്ടായി താൻ കാത്തുസൂക്ഷിക്കുന്ന ഒരു വിലപ്പെട്ട സമ്മാനത്തെക്കുറിച്ചും താരം വീഡിയോയിലൂടെ പങ്കുവെച്ചു. ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ചിത്രം കൂടിയാണ് ലഗാൻ.
ചിലപ്പോഴൊക്കെ ഈ സിനിമ ഇന്നലെ കഴിഞ്ഞതുപോലെയും, മറ്റ് ചിലപ്പോൾ മറ്റൊരു ജന്മത്തിൽ നടന്നതുപോലെയും തോന്നാറുണ്ടെന്ന് റേച്ചൽ വീഡിയോയിൽ പറയുന്നു. "അണിയറപ്രവർത്തകരും അഭിനേതാക്കളും ചേര്‍ന്നാണ് സിനിമ നിർമ്മിക്കുന്നത്, എന്നാൽ സിനിമ കാണുകയും അതിനെ നെഞ്ചിലെറ്റുകയും ചെയ്യുന്ന പ്രേക്ഷകരാണ് സിനിമയെ പൂർണ്ണമാക്കുന്നത്. ഈ പ്രോജക്റ്റ് ഇന്നും എന്റെ അഭിനയ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്," താരം കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ ഭുജിൽ നടന്ന ഷൂട്ടിംഗിന്റെ അവസാന ദിവസം തനിക്ക് ലഭിച്ച പ്രിയപ്പെട്ട ഒരു സമ്മാനത്തെക്കുറിച്ചും റേച്ചൽ വെളിപ്പെടുത്തി. ചിത്രത്തിലെ മുഴുവൻ താരങ്ങളും അണിയറപ്രവർത്തകരും ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റാണ് 25 വർഷമായി താൻ ഒരു നിധി പോലെ സൂക്ഷിക്കുന്നത്. വളരെ വൈകാരികമായ അവസാന ദിനത്തിൽ ഒപ്പിട്ടു കിട്ടിയ ബാറ്റ് ലഗാനെന്ന സിനിമയെപ്പോലെ തന്നെ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് അവർ പറഞ്ഞു.
ബ്രിട്ടീഷ് ഭരണകാലത്തെ പശ്ചാത്തലമാക്കി 1893-ൽ നടക്കുന്ന കഥയാണ് 'ലഗാൻ' പറഞ്ഞത്. നികുതി ഒഴിവാക്കുന്നതിനായി ബ്രിട്ടീഷ് ക്യാപ്റ്റന്റെ വെല്ലുവിളി സ്വീകരിച്ച് ഗ്രാമീണർ ക്രിക്കറ്റ് കളിക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. ക്യാപ്റ്റന്റെ സഹോദരിയായ എലിസബത്തായി എത്തിയ റേച്ചൽ, ഗ്രാമീണരെ രഹസ്യമായി ക്രിക്കറ്റ് നിയമങ്ങൾ പഠിപ്പിക്കുന്ന വഴിത്തിരിവായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആഗോളതലത്തിൽ വൻ തരംഗമായ ചിത്രം മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ നാമനിർദ്ദേശവും നിരവധി ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.
ലഗാന് ശേഷം യുകെയിലേക്ക് മടങ്ങിയ റേച്ചൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ കരിയർ കെട്ടിപ്പടുത്തു. യുഎസ് ഡ്രാമയായ 'ദി എൽ വേഡ്' (The L Word) എന്ന പരമ്പരയിലെ ഹെലീന പീബോഡി എന്ന കഥാപാത്രം വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു. പിന്നീട് 2023-ൽ നെറ്റ്ഫ്ലിക്സിന്റെ 'കോഹ്‌റ' (Kohrra) എന്ന ക്രൈം ത്രില്ലറിലൂടെ അവർ വീണ്ടും ഇന്ത്യൻ സ്ക്രീനിലേക്ക് തിരിച്ചെത്തിയിരുന്നു.
ചിത്രത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ജൂൺ 12 മുതൽ 14 വരെ മൂന്ന് ദിവസത്തേക്ക് 'ലഗാൻ' തിയേറ്ററുകളിൽ വീണ്ടും പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആമിർ ഖാന്റെ നേതൃത്വത്തിൽ മുംബൈയിൽ സംഘടിപ്പിച്ച റീയൂണിയനിൽ ചിത്രത്തിലെ പ്രധാന താരങ്ങളായ പോൾ ബ്ലാക്ക്‌തോൺ, രാജേന്ദ്രനാഥ് സുത്ഷി, ആദിത്യ ലാഖിയ, യശ്പാൽ ശർമ്മ തുടങ്ങിയവർ പങ്കെടുത്തിരുന്നു.









0 comments